മെസിയെ കയറ്റാതെ ടീം ബസ് വിമാനത്താവളത്തിലേക്ക്; സംഭവം തകര്‍ന്നടിഞ്ഞ് ആന്‍ഫീല്‍ഡില്‍ നിന്നും മടങ്ങവെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2019 02:52 PM  |  

Last Updated: 08th May 2019 02:54 PM  |   A+A-   |  

Andy-Robertson-Lionel-Messi

 

ആന്‍ഫീല്‍ഡിലേക്ക് ഇനി എത്തുമ്പോള്‍ ബാഴ്‌സ ഒന്ന് പേടിക്കും. അതിന് തക്കവണ്ണമുള്ളതെല്ലാം നല്‍കിയാണ് ബാഴ്‌സയെ ലിവര്‍പൂള്‍ മടക്കി അയച്ചത്. തകര്‍പ്പന്‍ തിരിച്ചു വരവുകളുടെ ചരിത്രത്തില്‍ മറ്റൊന്ന് കൂടി ക്ലോപ്പും സംഘവും ആന്‍ഫീല്‍ഡില്‍ എഴുതി ചേര്‍ത്തു. ആക്രമണത്തിന്റെ ഭംഗിയെല്ലാം പുറത്തെടുത്ത ലിവര്‍പൂളിന്റെ കളിയെ ഫുട്‌ബോള്‍ ലോകം പ്രശംസിക്കുന്നതിന് ഇടയിലാണ് കളിക്ക് ശേഷം നടന്നൊരു കൗതുകകരമായ സംഭവവും പുറത്തു വരുന്നത്. 

കളിക്ക് ശേഷം ബാഴ്‌സ കളിക്കാര്‍ ടീം ബസില്‍ ആന്‍ഫീല്‍ഡ് വിട്ടുവെങ്കിലും നായകന്‍ മെസി ബസില്‍ ഇല്ലെന്ന് സഹതാരങ്ങള്‍ അറിഞ്ഞില്ല. ബാഴ്‌സ താരങ്ങള്‍ ആന്‍ഫീല്‍ഡില്‍ നിന്നും വിമാനത്താവളം ലക്ഷ്യമാക്കി ടീം ബസില്‍ കയറിയപ്പോള്‍ മെസി ആന്‍ഫീല്‍ഡില്‍ തന്നെയായിരുന്നു. ഉത്തേജക മരുന്ന് പരിശോധന വിഭാഗത്തിനൊപ്പം പരിശോധനയില്‍ സഹകരിക്കുകയായിരുന്നു മെസി ഈ സമയം. 

സ്പാനിഷ് ടിവി ചാനലാണ് മെസിയെ കൂട്ടാന്‍ ടീം മറന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീടെ വിമാനത്താവളത്തിലേക്ക് മെസിയെ എത്തിക്കുന്നതിനായി മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ആന്‍ഫീല്‍ഡിലെ തകര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കാനും മെസി തയ്യാറായില്ല. ഇത് തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ 3 ഗോളിന്റെ ലീഡ് നേടിയതിന് ശേഷം രണ്ടാം പാദത്തില്‍ ബാഴ്‌സ തകര്‍ന്നടിയുന്നത്.