അവിടെ മാന്യത വിട്ട് പന്തിന്റെ കടുംപിടിത്തും; ശ്രേയസ് അയ്യര്‍ അപ്പീല്‍ പിന്‍വലിച്ചതിന് ശേഷം വിട്ടുകൊടുക്കാതെ പന്തിന്റെ ഇടപെടല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2019 10:22 AM  |  

Last Updated: 09th May 2019 10:22 AM  |   A+A-   |  

deepak_hooda

 

സണ്‍റൈസേഴ്‌സിനെ എലിമിനേറ്ററില്‍ തകര്‍ത്ത് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവനിര. കെയിന്‍ വില്യംസണ്‍ മെനഞ്ഞ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നിന്ന് പൃഥ്വി ഷായും, റിഷഭ് പന്തും കൂടി ഡല്‍ഹിയെ പരാജയത്തിന്റെ വക്കില്‍ നിന്നും ജയത്തിലേക്ക് എത്തിച്ച മത്സരത്തില്‍ പക്ഷേ കല്ലുകടിയാവുന്നത് ദീപക് ഹൂഡയുടെ റണ്‍ഔട്ടാണ്. റണ്‍ഔട്ട് ആയതിന്റെ സ്വഭാവം കണക്കിലെടുത്ത് അപ്പീല്‍ പിന്‍വലിക്കാന്‍ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ തയ്യാറായി. എന്നാല്‍  ഈ സമയം അപ്പീലുമായി മുന്നോട്ടു പോകാന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആവശ്യപ്പെട്ടതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

സണ്‍റൈസേഴ്‌സിന്റെ ഇന്നിങ്‌സിലെ അവസാന ഓവറിലാണ് സംഭവം. കീമോ പോളിന്റെ ഔട്ട് സൈഡ് ഓഫ് സ്റ്റംപ് സ്ലോ ഡെലിവറി ഹൂഡയ്ക്ക് മിസ് ആയി. പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തിയെങ്കിലും റണ്ണിനായി സണ്‍റൈസേഴ്‌സ് താരങ്ങള്‍ ഓടി. അമ്പയര്‍ ഈ ബോള്‍ വൈഡും വിളിച്ചിരുന്നു. എന്നാല്‍ റണ്ണിനായുള്ള ഓട്ടത്തിന് ഇടയില്‍ ബൗളറുമായി കൂട്ടിയിടിച്ച് ഹൂഡ ക്രീസില്‍ വീണു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡ് ലക്ഷ്യമാക്കിയുള്ള പന്തിന്റെ ത്രോ കൃത്യമായി സ്റ്റംപ് കുലുക്കുകയും ചെയ്തു. 

ഈ സമയം റണ്‍ഔട്ടായ രീതി കണക്കിലെടുത്ത് അമ്പയര്‍മാര്‍ ബാറ്റ്‌സ്മാനെ തിരിച്ചു വിളിക്കുന്ന കാര്യത്തില്‍ ശ്രേയസ് അയ്യരോട് അഭിപ്രായം തേടി. അവിടെ അപ്പീല്‍ പിന്‍വലിക്കാന്‍ ശ്രേയസ് തയ്യാറായി, ഹൂഡയോട് ക്രീസ് വിടേണ്ടതില്ലെന്ന് ശ്രേയസ് പറയുകയും ചെയ്തു. എന്നാല്‍ ഈ സമയം റിഷഭ് പന്ത് അമ്പയറുടെ പക്കലേക്ക് എത്തി ബാറ്റ്‌സ്മാനെ തിരിച്ചു വിളിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്ന് നിലപാടെടുത്തു. ഇതോടെ ഹൂഡയോട് ക്രീസ് വിടാന്‍ അമ്പയര്‍ ആവശ്യപ്പെട്ടു.