ശ്രദ്ധക്കുറവ് ഏത് ബലവാനേയും തോല്‍പ്പിക്കും, ബാഴ്‌സയെ കുത്തി ലിവര്‍പൂളിന്റെ നാലാം ഗോള്‍ ഏറ്റെടുത്ത് മുംബൈ പൊലീസും

ശ്രദ്ധക്കുറവ് ഏത് ബലവാനേയും തോല്‍പ്പിക്കും, ബാഴ്‌സയെ കുത്തി ലിവര്‍പൂളിന്റെ നാലാം ഗോള്‍ ഏറ്റെടുത്ത് മുംബൈ പൊലീസും

ബാഴ്‌സ താരങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച്, പൊടുന്നനെയായിരുന്നു അര്‍നോള്‍ഡ് ആ കോര്‍ണര്‍ കിക്ക് എടുത്തത്

ആന്‍ഫീല്‍ഡില്‍ ഒരിക്കല്‍ കൂടി ലിവര്‍പൂള്‍ അത്ഭുതം കാട്ടി. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരവുമായി എത്തിയിട്ടും ബാഴ്‌സയ്ക്ക് ആന്‍ഫീല്‍ഡ് ശവപ്പറമ്പായി മാറുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് തുടര്‍ച്ചയായ രണ്ടാം വട്ടവും ലിവര്‍പൂള്‍ എത്തുന്നു. ലിവര്‍പൂളിന്റെ ആ തകര്‍പ്പന്‍ കളിയില്‍ പിറന്ന ഒരു ഗോളിനെ സുരക്ഷാ ബോധവത്കരണത്തിനായി ഉപയോഗിക്കുകയാണ് മുംബൈ പൊലീസ്. 

ബാഴ്‌സയ്‌ക്കെതിരെ ലിവര്‍പൂള്‍ അടിച്ച നാലാം ഗോളിനെ കുറിച്ചാണ് മുംബൈ പൊലീസ് പറയുന്നത്. അര്‍നോള്‍ഡ് എടുത്ത കോര്‍ണര്‍ ക്വിക്കില്‍ നിന്നും പിറന്ന ഗോള്‍ ചൂണ്ടിക്കാട്ടി, ശ്രദ്ധക്കുറവ് എത്രമാത്രം തിരിച്ചടിയാവും എന്ന് പറഞ്ഞാണ് മുംബൈ പൊലീസ് സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. ബാഴ്‌സ താരങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച്, പൊടുന്നനെയായിരുന്നു അര്‍നോള്‍ഡ് ആ കോര്‍ണര്‍ കിക്ക് എടുത്തത്. 

ഫൈനലിലേക്കുള്ള വഴിയിലാണെങ്കിലും, വീട്ടിലേക്കുള്ള വഴിയിലാണ് എങ്കിലും ഏറ്റവും ബലവാന് പോലും ശ്രദ്ധക്കുറവ് തിരിച്ചടിയാവും എന്നാണ് മുംബൈ പൊലീസ് ലിവര്‍പൂളിന്റെ നാലാം ഗോളിന്റെ വീഡിയോ പങ്കുവെച്ച് എഴുതുന്നത്. ഈ കോര്‍ണര്‍ കിക്കില്‍ നിന്നും 79ാം മിനിറ്റില്‍ ഒരിഗി വലകുലുക്കിയാണ് ലിവര്‍പൂളിന്റെ ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചത്. അര്‍നോള്‍ഡ് കോര്‍ണര്‍ കിക്ക് എടുക്കുന്ന സമയം മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു ഒരിഗി. 

ബാഴ്‌സ പ്രതിരോധ നിര താരങ്ങളില്‍ പിക്വെ മാത്രമാണ് ഈ സമയം ഗോള്‍ തടയുന്നതിന് ഒരിഗിക്ക് സമീപം ഉണ്ടായിരുന്നത്. ആ കോര്‍ണര്‍ കിക്ക് എടുത്തത് ആരാണെന്നോ, സ്‌കോര്‍ ചെയ്തത് ആരാണെന്നോ ഞാന്‍ പോലും കണ്ടില്ലെന്നാണ് ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് മത്സര ശേഷം പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com