സച്ചിന്റെ വാക്കുകള്‍ മുംബൈ ഇന്ത്യന്‍സ് അവഗണിക്കുമോ? എങ്കില്‍ യുവി ഐപിഎല്‍ ഫൈനലും കളിക്കില്ല, അര്‍ഹിച്ച വിടവാങ്ങല്‍ മത്സരമില്ലാതെ യുവിയുടെ മടക്കം? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2019 01:43 PM  |  

Last Updated: 09th May 2019 01:43 PM  |   A+A-   |  

yuvisachin

ഇന്ത്യയ്ക്ക് ലഭിച്ച എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ് സിങ്. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായും, നിര്‍ണായക ബ്രേക്കുകള്‍ നല്‍കി വിക്കറ്റ് വീഴ്ത്തിയും, തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായും യുവി നിരവധി തവണ ഇന്ത്യയുടെ രക്ഷകനായി. എന്നാല്‍, അര്‍ഹിക്കുന്ന രീതിയില്‍ ഒരു വിടവാങ്ങാല്‍ യുവിക്ക് ലഭിക്കുമോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം.

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും മികച്ച കളി പുറത്തെടുക്കുകയാണ് യുവി ലക്ഷ്യം വെച്ചത്. അതുവഴി ലോകകപ്പ് ടീമില്‍ ഇടംനേടാന്‍. എന്നാല്‍ പഞ്ചാബിലേക്ക് എത്തിയ കഴിഞ്ഞ സീസണിലും, മുംബൈയിലേക്ക് എത്തിയ ഈ സീസണിലും യുവിക്ക് പിഴച്ചു. ഫോമില്ലല്ല എന്ന പേരില്‍ യുവിയെ ടീമില്‍ നിന്നും ഇരു ടീമുകളും മാറ്റി നിര്‍ത്തി പോന്നു. 

മുംബൈ ഫൈനലിലേക്ക് കടക്കുമ്പോള്‍ പ്ലേയിങ് ഇലവനില്‍ യുവിയെ ഉള്‍പ്പെടുത്തി അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍കുമോയെന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. മുംബൈയ്ക്ക് വേണ്ടി ഈ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് യുവി കളിച്ചത്. ഈ നാല് മത്സരങ്ങളില്‍ നിന്നും യുവി നേടിയത് 98 റണ്‍സ്. യുവിക്ക് പകരം യുവതാരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു മുംബൈ. 

304 ഏകദിനത്തില്‍ നിന്നും 8701 റണ്‍സും 111 വിക്കറ്റുമാണ് യുവിയുടെ അക്കൗണ്ടിലുള്ളത്. 58 ട്വന്റി20യില്‍ നിന്നും 1177 റണ്‍സും 28 വിക്കറ്റും. 2002ലെ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്വെസ്റ്റ് ട്രോഫി മുതല്‍, 2007ലെ ട്വന്റി20 ലോകകപ്പ് ജയം, 2011ലെ ലോകകപ്പ് ജയം എന്നിവയിലെല്ലാം യുവി ടീമിന് നല്‍കിയ സംഭാവന ഓരോ ക്രിക്കറ്റ് പ്രേമിക്കുമറിയാം. 

''ടീമിന്റെ ഏതെങ്കിലും നിര്‍ണായക മത്സരത്തില്‍ നിങ്ങള്‍ യുവിയെ ഇറക്കണം. ടീമിനെ ജയിക്കാന്‍ സഹായിക്കുന്ന മികച്ച കളി അന്ന് യുവിയില്‍ നിന്നും വരുമെന്ന് ഉറപ്പാണ്''...യുവരാജ് സിങ്ങിനെ കുറിച്ച് സച്ചിന്‍ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. സച്ചിന്റെ വാക്കുകള്‍ പോലെ യുവിയെ ഐപിഎല്‍ ഫൈനലില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം.