അവസാന ഓവറില്‍ ആഞ്ഞടിച്ച് ഡല്‍ഹി; ചെന്നൈയ്ക്ക് വിജയലക്ഷ്യം 148 റണ്‍സ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th May 2019 09:34 PM  |  

Last Updated: 10th May 2019 09:34 PM  |   A+A-   |  

 

വിശാഖപട്ടണം: ഐപിഎല്‍ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റണ്‍സെടുത്തത്. 25 പന്തില്‍ 38 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. കോളിന്‍ മണ്‍റോ 27 റണ്‍സെടുത്തു.  രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

പൃഥ്വി ഷാ (5), ശിഖര്‍ ധവാന്‍ (18), കോളിന്‍ മണ്‍റോ (27), ശ്രേയാസ് അയ്യര്‍ (13), അക്ഷര്‍ പട്ടേല്‍ (3), റുതര്‍ഫോര്‍ഡ് (10), കീമോ പോള്‍ (3), ട്രന്റ് ബൗള്‍ട്ട് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. മുരളി വിജയ്ക്ക് പകരം ഷാര്‍ദുല്‍ ഠാകൂര്‍ ടീമിലെത്തി. ഡല്‍ഹി ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഈ മത്സരത്തിലെ വിജയികളാവും ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുക. ഒന്നാം ക്വാളിഫയറില്‍ മുംബൈയോട് തോറ്റാണ് ചെന്നൈയ്ക്ക് രണ്ടാം ക്വളിഫയര്‍ കളിക്കേണ്ടിവന്നത്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചാണ് ഡല്‍ഹി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.