ഒരിക്കലും ഒരു സ്ത്രീയെക്കുറിച്ചും ഗൗതം അത് പറയില്ല, ഉയരെയാണ് അയാളുടെ സ്ഥാനം ; ഗംഭീറിന് പിന്തുണയുമായി ഹര്‍ഭജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2019 05:19 PM  |  

Last Updated: 10th May 2019 05:19 PM  |   A+A-   |  

gambhir_bhajii

 

ന്യൂഡല്‍ഹി: എതിര്‍സ്ഥാനാര്‍ത്ഥിയെ അപമാനിക്കുന്ന തരത്തില്‍ ലഘുലേഖകള്‍ ഇറക്കിയെന്ന ആരോപണത്തില്‍ ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്. ഗംഭീറിന് ഒരിക്കലും ഒരു സ്ത്രീയെ കുറിച്ചും മോശം പറയാന്‍ കഴിയില്ല. ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം പിന്നീടുള്ള വിഷയമാണ് അതിനെല്ലാം അപ്പുറത്താണ് ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഗംഭീര്‍ പെരുമാറുന്നത്. പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. 

ഈസ്റ്റ് ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ത്ഥി അതിഷിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ലഘുലേഖകള്‍ വിതരണം നടത്തിയതിന്റെ ഉത്തരവാദിത്വം ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് എന്ന് കെജ്രിവാളും മനീഷ് സിസോദിയയും ആരോപിച്ചിരുന്നു. അടിസ്ഥാന രഹിതമായ ആരോപണം ആണിതെന്നും പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഗംഭീറും ട്വീറ്റ് ചെയ്തിരുന്നു. 
ഇത്രയും വിലകുറഞ്ഞ ആരോപണങ്ങള്‍ ഗംഭീറില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും എതിര്‍ സ്ഥാനാര്‍ത്ഥിയായ തന്നോട് ഇങ്ങനെയാണെങ്കില്‍ വിജയിച്ചാല്‍ എംപിയെന്ന നിലയില്‍ എങ്ങനെയാവും ഗംഭീര്‍ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന് അതിഷി വാര്‍ത്താ സമ്മേളനത്തില്‍ ചോദിക്കുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. 

അശ്ലീല ലഘുലേഖയെ തുടര്‍ന്ന് ഗംഭീറിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ആരോപണം വ്യാജമാണെന്നും തെളിയിച്ചാല്‍ താന്‍ പൊതുജനമധ്യത്തില്‍ തൂങ്ങാനും തയ്യാറാണെന്നും ഗംഭീര്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.