ഡല്‍ഹി പേടിക്കണം, കാരണം ഇന്ന് കളി നടക്കുന്നത് വിശാഖപട്ടണത്താണ്, ധോനിയുടെ പ്രിയപ്പെട്ട തട്ടകത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2019 01:38 PM  |  

Last Updated: 10th May 2019 01:41 PM  |   A+A-   |  

dhoniipl

യുവനിരയുടെ കുതിപ്പിലാണ് ഡല്‍ഹി ഫൈനല്‍ ലക്ഷ്യം വയ്ക്കുന്നത്. പക്ഷേ, രണ്ടാം ക്വാളിഫയറിലേക്ക് എത്തുമ്പോള്‍ ഡല്‍ഹിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ധോനിയാണ്. കാരണം, രണ്ടാം ക്വാളിഫയറിന് വേദിയാവുന്നത് ധോനിയുടെ പ്രിയപ്പെട്ട വിശാഖപട്ടണത്താണ്. ധോനിയുടെ ഭാഗ്യ ഗ്രൗണ്ടാണ് ഇത്.

വിശാഖപട്ടണത്ത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ എന്നും എന്തെങ്കിലും ധോനിയുടെ കൈകളിലുണ്ടാവും. രാജ്യാന്തര ക്രിക്കറ്റിലെ ധോനിയുടെ ആദ്യ സെഞ്ചുറി പിറന്ന ഗ്രൗണ്ടാണ് അത്. പാകിസ്താനെതിരെ 123 പന്തില്‍ അടിച്ചു തകര്‍ത്ത് നേടിയ 148 റണ്‍സോടെയാണ് തന്റെ വരവ് ക്രിക്കറ്റ് ലോകത്തെ ധോനി അറിയിച്ചത്. ബെസ്റ്റ് ഫിനിഷറുടെ കരിയര്‍ പാകപ്പെട്ട് തുടങ്ങിയത് അവിടെ നിന്നുമാണ്. 

വിശാഖപട്ടണത്ത് ഒരിക്കല്‍ കൂടി ബാറ്റുമായി ധോനി ഇറങ്ങുമ്പോള്‍ തന്റെ ടീമിനെ തുടര്‍ച്ചയായ രണ്ടാം വട്ടവും ഫൈനലിലേക്ക് എത്തിക്കുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ധോനിക്കുണ്ടാവില്ലെന്ന് ഉറപ്പാണ്.  പാകിസ്താനെതിരെ 148 റണ്‍സ് അടിച്ചെടുത്ത ഇന്നിങ്‌സിന് പുറമെ, വിശാഖപട്ടണത്തെ മറ്റ് ഇന്നിങ്‌സുകളും തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടവയാണ് എന്ന് ധോനി പറഞ്ഞിട്ടുണ്ട്. 2016 ഐപിഎല്ലില്‍ പുനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടി കളിക്കുന്ന സമയം. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം അക്‌സര്‍ പട്ടേലിനെ ധോനി തച്ചു തകര്‍ത്തത് ആരാധകരുടെ ഓര്‍മയില്‍ എന്നുമുണ്ടാവും. 

അവസാന ഓവറില്‍ 23 റണ്‍സ് നേടി ഇന്ന് ധോനി തന്റെ ടീമിനെ ജയത്തിലേക്ക് എത്തിച്ചു. 32 പന്തില്‍ നിന്നാണ് ധോനിയന്ന് 64 റണ്‍സ് നേടിയത്. ഇന്ന് ഡല്‍ഹി ചെന്നൈയുടെ മുന്നിലെത്തുമ്പോഴും സമാനമായതൊന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. ഈ സീസണിലെ ധോനിയുടെ ഫോമും ഡല്‍ഹിക്ക് ഭീഷണി തന്നെ. 13 ഇന്നിങ്‌സില്‍ നിന്നും 405 റണ്‍സാണ് ധോനി സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരിയാവട്ടെ 135.