മെസിയെ പരിഹസിച്ച് റൊണാള്‍ഡോ; ജയിച്ചാല്‍ മെസി ജയിപ്പിച്ചു, തോറ്റാല്‍ കുറ്റം കുട്ടിഞ്ഞോയുടേയോ, വാല്‍വര്‍ദേയുടേയുമോയെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2019 11:26 AM  |  

Last Updated: 10th May 2019 12:24 PM  |   A+A-   |  

messi1

 

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളിനോട് തോറ്റ് ബാഴ്‌സ പുറത്തായതിന് പിന്നാലെ ലയണല്‍ മെസിയെ പരിഹസിച്ച് മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡോ. ബാഴ്‌സ ജയിച്ചിരുന്നു എങ്കില്‍ അത് മെസിയുടെ ക്രഡിറ്റില്‍ വരുമായിരുന്നു. ബാഴ്‌സ തോറ്റാല്‍ പറയുക അത് വാല്‍വെര്‍ദേയുടേയും, കുട്ടിഞ്ഞോയുടേയുമെല്ലാം പിഴവെന്നാണ്. തോറ്റാല്‍ മെസിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നത് പോലെയാണെന്നും റൊണാള്‍ഡോ പറയുന്നു. 

ബാഴ്‌സയ്ക്ക് മികച്ച ടീമാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച താരവും അവര്‍ക്കുണ്ട്. ജയിക്കുമ്പോള്‍ മെസി ജയിപ്പിക്കുന്നു എന്ന് പറയുന്നത് മറ്റ് കളിക്കാരേയും, കോച്ചിങ് സ്റ്റാഫിനേയുമെല്ലാം അപമാനിക്കലാണ്. എതിരാളികളെക്കാള്‍ പ്രചോദിതരാണ് ടീം എങ്കില്‍ തിരിച്ചു വരവുകള്‍ സാധ്യമാണ്. ലിവര്‍പൂളിന്റെ തീവ്രതയും കാഠിന്യവും ബാഴ്‌സയ്ക്ക് അറിയാത്തതൊന്നുമല്ല. പക്ഷേ ഭാഗ്യം അവിടെ ബാഴ്‌സയെ തുണച്ചില്ലെന്നും റൊണാള്‍ഡോ പറയുന്നു. 

ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമി ബാഴ്‌സയെ സംബന്ധിച്ച് മഹത്തരമായിരുന്നു. മെസിയുടെ വര്‍ണനകള്‍ക്കതീതമായ കളി വന്നു.പക്ഷേ രണ്ടാം പാദത്തില്‍ തീവ്രതയും, ആഗ്രഹവുമെല്ലാം കൊണ്ട് ബാഴ്‌സയെ ലിവര്‍പൂള്‍ മൂടി. ബാഴ്‌സയുടെ തോല്‍വികളുടെ ഉത്തരവാദിത്വം മെസിയുടെ ചുമലുകളിലേക്ക് കൂടി വരണമെന്നും  റൊണാള്‍ഡോ ചൂണ്ടിക്കാണിക്കുന്നു. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ആദ്യ പാദത്തില്‍ ന്യൂകാമ്പില്‍ 3-0ന് ശക്തമായ ലീഡ് നേടിയാണ് ബാഴ്‌സ ആന്‍ഫീല്‍ഡിലേക്ക് എത്തിയത്. എന്നാല്‍ ക്ലോപ്പിന്റേയും സംഘത്തിന്റേയും അഭിനിവേശത്തിനും സ്പിരിറ്റിനും മുന്നില്‍ ബാഴ്‌സ വീണു.