മാഡ്രിഡ് ഓപ്പണ്‍ ; ക്വാര്‍ട്ടറില്‍ ഫെഡറര്‍ വീണു, വനിതകളില്‍ സിമോണ ഹാലെപ് ഫൈനലില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2019 12:59 PM  |  

Last Updated: 11th May 2019 12:59 PM  |   A+A-   |  


 മാഡ്രിഡ്: കളിമണ്‍ കോര്‍ട്ടില്‍ അതിശക്തമായി തിരിച്ചുവന്ന ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് മാഡ്രിഡ് ഓപ്പണില്‍ ഡൊമിനിക്ക് തെയിമിനോട് തോല്‍വി. സ്‌കോര്‍ 3-6,7-6,6-4. 2016 ല്‍ തെയിമിനോടായിരുന്നു ഫെഡറര്‍ കളിമണ്‍ കോര്‍ട്ടില്‍ പരാജയപ്പെട്ടതും.  കളിയില്‍ താന്‍ സംതൃപ്തനാണെന്ന് ഫെഡറര്‍ പിന്നീട് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലും നല്ല പ്രകടനമാണ് പുറത്തെടുത്തതെന്നും മൂന്ന് വര്‍ഷത്തിന് ശേഷം കളിമണ്‍ കോര്‍ട്ടില്‍ മടങ്ങിയെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തയാഴ്ച  റോമില്‍ നടക്കുന്ന മത്സരത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ ഫെഡററുടെ കളിമണ്‍ കോര്‍ട്ടിലെ കളി കാണാന്‍ അടുത്ത ഫ്രഞ്ച് ഓപ്പണ്‍ വരെ കാത്തിരിക്കേണ്ടി വരും.  

രണ്ട് മണിക്കൂറും പത്ത് മിനിറ്റും നീണ്ട കളിയില്‍ രണ്ട് മാച്ച് പോയിന്റാണ് തെയിം എളുപ്പത്തില്‍ സ്വന്തമാക്കിയത്. ശനിയാഴ്ച ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെയാണ് തെയിമിന് നേരിടാനുള്ളത്.

അതേസമയം വനിതകളുടെ സെമിയില്‍ ബെലിന്‍ഡ ബെന്‍സികിനെ പരാജയപ്പെടുത്തി സിമോണ ഹാലെപ് ഫൈനലില്‍ പ്രവേശിച്ചു. ലോക ഒന്നാം നമ്പര്‍ നിലനിര്‍ത്തുകയാണ് ഹാലെപ്പിന് മുന്നിലെ പ്രധാന വെല്ലുവിളി. ഏഴാം സീഡുകാരിയായ കികി ബെര്‍ട്ടന്‍സിനെയോ സ്ലോയ്ന്‍ സ്റ്റീഫന്‍സിനെയോ ആവും ഹാലെപ്പിന് ഫൈനലില്‍ നേരിടാന്‍ ഉണ്ടാവുക.