അന്ന് യുവി എന്നോട് സീറ്റ് മാറിയിരിക്കാന്‍ പറഞ്ഞുവെന്ന് രോഹിത്; രോഹിത് എരിവ് കൂട്ടി പറയുന്നതെന്ന് യുവരാജ് സിങ്
By സമകാലിക മലയാളം ഡെസ്ക് | Published: 12th May 2019 05:19 PM |
Last Updated: 12th May 2019 05:19 PM | A+A A- |

ഐപിഎല്‍ ഫൈനല്‍ ആവേശം നിറഞ്ഞു നില്‍ക്കുന്നതിന് ഇടയില്‍ മുംബൈ ഇന്ത്യന്‍സിലെ തന്റെ സഹതാരം യുവരാജ് സിങ്ങിനെ ആദ്യമായി നേരില്‍ കണ്ട സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് രോഹിത് ശര്‍മ. പക്ഷേ, രോഹിത് കുറച്ച് എരിവ് കൂട്ടിയാണ് ഈ സംഭവം പറയുന്നത് എന്നാണ് യുവിയുടെ പക്ഷം.
2007ലാണ് ഇരുവരും ആദ്യം നേര്‍ക്കുനേര്‍ കാണുന്നത്. യുവി എന്നാല്‍ എനിക്ക് മുതിര്‍ന്ന സഹോദരനെ പോലെയാണ്. എങ്കിലും ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചകള്‍ അത്ര സുഖകരമായിരുന്നില്ല. ടീം ബസില്‍ യുവിക്ക് എപ്പോഴും ഒരു സ്ഥിരം സീറ്റുണ്ടെന്നാണ് രോഹിത് പറയുന്നത്. യുവിയുടെ ആ സീറ്റില്‍ ഒരു ദിവസം ഞാന്‍ ഇരുന്നു. യുവി എന്റടുത്തേക്കെത്തി എന്നോട് സീറ്റില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു എന്ന് പറയാനാവില്ല. പക്ഷേ, ഞങ്ങള്‍ തമ്മില്‍ നേര്‍ക്ക് നേര് നോക്കി സംസാരിക്കുന്നത് അവിടെയാണ്.
യുവി അഹങ്കാരിയായത് കൊണ്ടല്ല അങ്ങനെ പറഞ്ഞത്, അത് യുവരാജ് സിങ്ങാണ്. യുവരാജ് എന്ന് പറഞ്ഞാല്‍ അറ്റിറ്റിയൂഡുമെല്ലാമാണെന്ന് രോഹിത് പറയുന്നു. എന്നാല്‍ ഈ സംഭവം എരിവ് ചേര്‍ത്താണ് രോഹിത് പറയുന്നത് എന്നാണ് യുവിയുടെ പക്ഷം. രോഹിത് ടീമിലേക്ക് എത്തിയതും, ഞാന്‍ കൈകൊടുത്തതും എനിക്കോര്‍മയുണ്ട്. ഈ സീറ്റ് ആരുടേതാണ് എന്ന് നിങ്ങള്‍ക്കറിയുമോ എന്ന് ഞാന്‍ ചോദിച്ചതായിട്ടാണ് രോഹിത് പറയുന്നത്. എന്നാല്‍ അങ്ങനെ അല്ല. രോഹിത്, അത് എന്റെ സീറ്റ് ആണ്. എനിക്കവിടെ ഇരിക്കണം എന്നാണ്, ഇങ്ങനെയാണ് ഞാന്‍ രോഹിത്തിനോട് പറഞ്ഞതെന്നും യുവി പറയുന്നു.