കളിമണ്‍ കോര്‍ട്ടില്‍ ഗ്രീക്ക് വിസ്മയം; നദാലിനെ തറപറ്റിച്ചു, സിറ്റ്‌സിപാസ്-ജോക്കോവിച്ച് ഫൈനല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2019 12:54 PM  |  

Last Updated: 12th May 2019 12:54 PM  |   A+A-   |  

Tsitsipas

 

കഹാ മജിക്ക: മാഡ്രിഡിലെ കളിമണ്‍ കോര്‍ട്ടില്‍ നദാല്‍- ജോക്കോവിച്ച് ഫൈനല്‍ പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ നെഞ്ചിലേക്ക് ഇടിത്തീ പോലെ എയ്‌സുകളെത്തിച്ചാണ് സിറ്റ്‌സിപാസെന്ന നീളന്‍മുടിക്കാരന്‍ കളിച്ച് കയറിയത്. കളം നിറഞ്ഞ് കളിച്ച സിറ്റ്‌സിപാസിന് മുന്നില്‍ നദാലിന് പിഴച്ചു. സ്‌കോര്‍ 6-4,2-6,6-3. കളിമണ്‍ കോര്‍ട്ടില്‍ നടന്ന കഴിഞ്ഞ നാലുകളിയിലും റാഫേല്‍ നദാല്‍ പരാജയപ്പെട്ടിരുന്നു. 

കരുത്തനായ നദാലിനെതിരെ കഹാ മജിക്കയില്‍ കളിക്കുമ്പോള്‍ അല്‍പ്പം പോലും പരിഭ്രമം സിറ്റ്‌സിപാസിനുണ്ടായിരുന്നില്ല. ഫൈനലിലും കരുത്തുന്ന വിജയം നേടാനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. വൈകാരികമായി ഏറ്റവും കടുപ്പം നിറഞ്ഞ മത്സരമായിരുന്നു. ഈ വിജയത്തിന് ലോകം വെട്ടിപ്പിടിച്ചതിന്റെ മാധുര്യമുണ്ട്.

ഈ വര്‍ഷം കളിച്ചതില്‍ ഏറ്റവും വിഷമം പിടിച്ച മത്സരമായിരുന്നു ഇത്. മികച്ച കളി പുറത്തെടുക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. വിശ്വസിക്കാനേ കഴിയുന്നില്ലെന്നായിരുന്നു ഗ്രീക്ക് താരത്തിന്റെ പ്രതികരണം. രണ്ടര മണിക്കൂറും ആക്രമിച്ചായിരുന്നു സിറ്റ്‌സിപാസിന്റെ കളി. റാഫ ഒരു സിംഗിള്‍ പോയിന്റ് പോലും വെറുതേ തരില്ലെന്ന് എനിക്കറിയാമായിരുന്നു. കഴിവിന്റെ പരമാവധി പുറത്തെടുത്താണ് പോയിന്റ് നേടിയത്. തികഞ്ഞ പോരാളിയായതിനാല്‍ എപ്പോള്‍ വേണമെങ്കിലും അദ്ദേഹം മത്സരത്തിലേക്ക് തിരികെ എത്തുകയും ചെയ്യുമായിരുന്നു. ഇതെല്ലാം മറികടന്ന് വിജയം നേടാനായത് സന്തോഷകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.