ടീമില്‍ മെസിയുടെ പക്ഷാപതിത്വം; ഫോമിലല്ലാത്ത കുട്ടിഞ്ഞോയെ വീണ്ടും വീണ്ടും കളിപ്പിക്കുന്നു, മറ്റ് ഓപ്ഷനുകള്‍ അവഗണിക്കുന്ന മെസിക്കെതിരെ വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2019 04:36 PM  |  

Last Updated: 12th May 2019 04:36 PM  |   A+A-   |  

philippe-coutinho-lionel

 

ലിവര്‍പൂളിനോടേറ്റ തോല്‍വിക്ക് പിന്നാലെ വിമര്‍ശനശരങ്ങളാണ് ബാഴ്‌സയ്ക്ക് മേല്‍ വന്ന് വീഴുന്നത്. ആദ്യ പാദത്തില്‍ മുന്നിട്ട് നിന്നതിന് ശേഷം രണ്ടാം പാദത്തില്‍ തകര്‍ന്നടിയുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചതോടെ എവിടെയാണ് പിഴച്ചത് എന്ന് തിരയുകയാണ് ബാഴ്‌സ. അതിനിടയില്‍, മെസിക്കെതിരേയും ഇത്തവണ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. 

ഫോമിലല്ലാത്ത കുട്ടിഞ്ഞോയെ ആന്‍ഫീല്‍ഡില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് മെസിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒരു കാരണം എന്നാണ് സ്പാനിഷ് ദിനപത്മ്രായ ഡയറിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസിയുടെ പക്ഷാപാതപരമായ സമീപനത്തെ തുടര്‍ന്നാണ് ഫോമിലല്ലാതിരുന്നിട്ടും കുട്ടിഞ്ഞോ ടീമിലേക്കെത്തിയത്. 

കരിയറിലെ ഏറ്റവും മോശം സീസണിലൂടെയാണ് കുട്ടിഞ്ഞോ കടന്നു പോവുന്നത്. ബാഴ്‌സ കോച്ച് വാല്‍വര്‍ദെയ്ക്കും കുട്ടിഞ്ഞോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പ്ലേയിങ് ഇലവനിലേക്ക് കുട്ടിഞ്ഞോയെ വീണ്ടും വീണ്ടും ഉള്‍പ്പെടുത്തുന്നത് എന്തിനെന്ന് ആരാധകര്‍ തന്നെ ചോദിക്കുന്നു. കുട്ടിഞ്ഞോയ്ക്ക് പകരം, ഡെംബെലെ, മാല്‍കോം എന്നീ ഓപ്ഷനുകള്‍ ബാഴ്‌സയുടെ പക്കലുള്ളപ്പോഴാണ് കുട്ടിഞ്ഞോയ്ക്ക് വീണ്ടും അവസരം ലഭിക്കുന്നത്. 

4-4-2 ഫോര്‍മേഷനില്‍ ഇറങ്ങാനുള്ള ഓപ്ഷനും ബാഴ്‌സയ്ക്ക് മുന്നിലുണ്ട്. ഈ ഫോര്‍മേഷന്‍ വരുമ്പോള്‍ ഇടത് വിങ്ങറെ ആവശ്യം വരുന്നില്ല. ടീമിലെ കുട്ടിഞ്ഞോയുടെ പൊസിഷന്‍ പറയുന്നത് അതാണ്. ഇത്രയും ഓപ്ഷനുകള്‍ ബാഴ്‌സയുടെ മുന്നിലുള്ളപ്പോഴും കുട്ടിഞ്ഞോ ബാഴ്‌സയുടെ പ്ലേയിങ് ഇലവനിലേക്ക് എത്തുന്നു. മെസിയാണ് ഇതിന് പിന്നിലെന്നാണ് ഡയറിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.