പ്രീമിയര്‍ ലീഗ് കിരീടത്തിന് തൊട്ടടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ലിവര്‍പൂളിന് പ്രതീക്ഷ കൈവിടാനായിട്ടില്ല, കാരണങ്ങള്‍ ഇവയാണ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2019 02:37 PM  |  

Last Updated: 12th May 2019 02:39 PM  |   A+A-   |  

manchestercity

മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റ്ടണിനെ നേരിടും, ലിവര്‍പൂള്‍ ഇന്ന് വോള്‍വ്‌സിനേയും. 29 വര്‍ഷം കിരീടത്തിനായി കാത്തിരുന്ന ലിവര്‍പൂളിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇപ്പോഴുള്ള ഒരു പോയിന്റ് ലീഡാണ്. കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ലിവര്‍പൂളിന് ഇന്ന് ജയം പിടിക്കുകയും വേണം മാഞ്ചസ്റ്റര്‍ സിറ്റി തോല്‍ക്കുകയും വേണം, അല്ലെങ്കില്‍ സിറ്റിക്ക് സമനില കുരുക്ക് വീഴണം. 

2009ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടര്‍ച്ചയായി പ്രീമിയര്‍ ലീഗ് കിരീടം ചൂടിയതിന് പിന്നാലെ, ആ ചരിത്രം ആവര്‍ത്തിക്കുന്ന ടീമാവുന്നതിന്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ലിവര്‍പൂളിന് ഒരു ഘട്ടത്തിലുണ്ടായിരുന്ന ഏഴ് പോയിന്റ് ലീഡ് മറികടക്കാന്‍ 13 മത്സരങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചു കയറിയത്. ലിവര്‍പൂളാവട്ടെ ഇടയ്ക്ക് നേരിട്ട തിരിച്ചടിക്ക് ശേഷം തുടര്‍ച്ചയായി എട്ട് ജയങ്ങള്‍ നേടി 1990ന് ശേഷമുള്ള ആദ്യ കിരീട നേട്ടം സ്വപ്‌നം കാണുന്നു. 

കഴിഞ്ഞ സീസണില്‍ നേടിക്കൂട്ടിയ 100 പോയിന്റ് എന്ന നേട്ടത്തിലേക്ക് ഇത്തവണ ഗാര്‍ഡിയോളയുടെ സംഘത്തിന് എത്താനായിട്ടില്ല. എങ്കിലും കഴിഞ്ഞ കുറേ ആഴ്ചയായി സിറ്റി തങ്ങളുടെ പ്രാപ്തി എത്രമാത്രമാണെന്ന് പുറത്തു കാട്ടുന്നു. 91 ഗോളുകളാണ് സിറ്റി പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ അടിച്ചു കൂട്ടിയത്. എന്നാല്‍ അവരുടെ കഴിഞ്ഞ നാല് ജയങ്ങളില്‍ മൂന്നും 1-0 എന്ന സ്‌കോറിലായിരുന്നു. 

എഫ്എ കപ്പില്‍ വോള്‍വ്‌സില്‍ നിന്നും ലിവര്‍പൂളിന് വെല്ലുവിളി നേരിട്ടുവെങ്കിലും ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. ചാമ്പ്യന്‍സ് ലീഗ് സെമിയിലെ തിരിച്ചു വരവ് മാത്രം മതി ലിവര്‍പൂളിന്റെ ഊര്‍ജം കൂട്ടാന്‍. സല ഇന്ന് ടീമിലേക്ക് തിരികെ എത്തും. പ്രീമിയര്‍ ലീഗ് കിരീടത്തിനായുള്ള പോരിലും, ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള പോരിലും സലയ്ക്ക് ഇന്ന് തകര്‍പ്പന്‍ കളി പുറത്തെടുക്കണം. 

സിറ്റിയുടെ എതിരാളികളായ ബ്രൈറ്റ്ടണ്‍ രണ്ട് വട്ടം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ഈ സീസണില്‍ തോല്‍വി നേരിട്ടിരുന്നു. എങ്കിലും ലിവര്‍പൂളിന് പ്രതീക്ഷയുണ്ട്. കാരണം, അവരുടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവര്‍ തോറ്റത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ സീസണിലെ അവസാന മത്സരം തോല്‍ക്കുന്നത് ബ്രൈറ്റ്ടണ്‍ ബോസ് ഹഗ്ടണിനെതിരെയാണ്. അന്ന് നോര്‍വിച്ചിന്റെ ചുമകലയായിരുന്നു അദ്ദേഹത്തിന്. അതും ലിവര്‍പൂളിന് നേരിയ പ്രതീക്ഷ നല്‍കുന്നു.