കുറിയവനായ നീ സംസാരിക്കേണ്ടന്ന് ക്രിസ്റ്റ്യാനോ, ഗോള്‍ വല കുലുക്കി റോമ താരത്തിന്റെ തകര്‍പ്പന്‍ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 06:01 AM  |  

Last Updated: 14th May 2019 06:01 AM  |   A+A-   |  

juventuscris

റോമയ്‌ക്കെതിരായ യുവന്റ്‌സിന്റെ സിരി എയിലെ പോരാട്ടം. റോമ താരം എഡിന്‍ ഡെക്കേ ക്രിസ്റ്റിയാനോയുമായി പന്തിന് വേണ്ടി പോരടിക്കവെ മൈതാനത്ത് വീണു. ഇത് ചോദ്യം ചെയ്ത് ക്രിസ്റ്റിയാനോയോട് കൊമ്പുകോര്‍ക്കാന്‍ റോമ താരം അലസാണ്ട്രോ ഫ്‌ളൊറെന്‍സിയെത്തി. എന്നാല്‍ കുറിയവനെന്ന് പരിഹസിച്ചാണ് ഫ്‌ളൊറെന്‍സിയെ ക്രിസ്റ്റ്യാനോ നേരിട്ടത് തന്നെ. 

ഫ്‌ളൊറെന്‍സിയയുടെ പൊക്കക്കുറവിനെ ചൂണ്ടി, കുറിയവനായ നീ സംസാരിക്കാന്‍ പോലും യോഗ്യനല്ലെന്ന വിധത്തിലാണ് ക്രിസ്റ്റിയാനോ പ്രതികരിച്ചത്. അത് അവിടെ അവസാനിപ്പിക്കാന്‍ ഫ്‌ളൊറെന്‍സി തയ്യാറായിരുന്നില്ല. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ സാക്ഷി നിര്‍ത്തി യുവന്റ്‌സിന്റെ നെഞ്ചത്തേക്ക് 79ാം മിനിറ്റില്‍ ഫ്‌ളൊറെന്‍സി നിറയൊഴിച്ചു. 

ഫ്‌ളൊറന്‍സിക്ക് പിന്നാലെ ഇഞ്ചുറി ടൈമില്‍ ഡെക്കെയും വലകുലുക്കി. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വിയോടെ ക്രിസ്റ്റിയാനോയ്ക്കും കൂട്ടര്‍ക്കും കളിക്കളം വിടേണ്ടി വന്നു. ജയത്തോടെ ചാമ്പ്യന്‍സ് ലീഗിലേക്ക് അംഗത്തിനെത്താം എന്ന സാധ്യതയും റോമ നിലനിര്‍ത്തി.