'ഗോള്‍ഡന്‍ ബൂട്ട്' അച്ഛനു മാത്രം പോരാ!; എതിര്‍ വലയില്‍ ഗോളടിച്ചുകൂട്ടി സലയുടെ മകള്‍; കൗതുകത്തോടെ അച്ഛന്‍ ( വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 11:13 AM  |  

Last Updated: 14th May 2019 11:13 AM  |   A+A-   |  

 


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വരികയായിരുന്നു ലിവര്‍പൂളിന്. അവസാനമല്‍സരം മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ച് കിരീടം നേടിയപ്പോള്‍, ലിവര്‍പൂള്‍ വോള്‍വ്‌സിനെ തോല്‍പ്പിച്ചെങ്കിലും ഒരു പോയിന്റിന് പിന്തള്ളപ്പെട്ടു. 30 മത്സരം ജയിക്കുക, ഒരു മത്സരം മാത്രം തോല്‍ക്കുക, 97 പോയന്റ് നേടുക എന്നീ മൂന്ന് നേട്ടങ്ങളും കൈവരിച്ചിട്ടും കിരീടം നേടാത്ത ആദ്യത്തെ ടീമാണ് ലിവര്‍പൂള്‍. 

ആന്‍ഫീല്‍ഡില്‍ വോള്‍വ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഈ സീസണ് വിരാമമിട്ടത്. കിരീടം ലഭിക്കാത്തതിന്റെ നിരാശയ്ക്ക് ഇടയിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ ഗോള്‍ഡന്‍ ബൂട്ട് ലിവര്‍പൂളിനാണ്. ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലയാണ് സുവര്‍ണപാദുകം നേടിയത്. 38 മത്സരങ്ങളില്‍ 22 ഗോളുകളാണ് ഈജിപ്ഷ്യന്‍ താരത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. 

എന്നാല്‍ ആന്‍ഫീല്‍ഡിലെ കാണികളെ രസിപ്പിച്ചത് ഒരു കൊച്ചുപെണ്‍കുട്ടിയുടെ കുസൃതിയാണ്. ടീമുകള്‍ പോയതോടെ ഒഴിഞ്ഞ മൈതാനത്തെ ഗോള്‍പോസ്റ്റില്‍ ഗോളടിച്ചുകൂട്ടുന്ന കൊച്ചുകുട്ടിയുടെ കുസൃതി. സൂപ്പര്‍ താരം സലയുടെ മകള്‍ മക്കയാണ് ആന്‍ഫീല്‍ഡിലെ മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങി, ഗോള്‍ അടിച്ച് കാണികളെ ആനന്ദിപ്പിച്ചത്. 

ഗോള്‍ഡന്‍ ബൂട്ടും വാങ്ങി തിരിച്ചുപോകുന്നതിനിടയിലാണ് മകളുടെ കുസൃതി സലയുടെ കണ്ണില്‍പ്പെട്ടത്. നിറഞ്ഞ പുഞ്ചിരിയോടെ, അച്ഛന്റെ കൗതുകത്തോടെ സല അത് നോക്കി നിന്നു. അമ്മ അടുത്തുവന്നപ്പോഴും അവള്‍ പന്തുമായി ദൂരേക്ക് ഓടി. വീണ്ടും പന്ത് വലയിലെത്തിച്ചു. കുഞ്ഞു മക്കയുടെ ഓരോ ഗോളും കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. ഒടുവില്‍ സല ഗ്രൗണ്ടിലിറങ്ങി മക്കയ്ക്ക് സ്‌നേഹചുംബനവും നല്‍കിയാണ് കളം വിട്ടത്.