ചരിത്രമെഴുതി ഐസിസി; മാച്ച് റഫറിമാരുടെ പാനലില്‍ ആദ്യമായി വനിതാ പ്രതിനിധി; ഇന്ത്യയുടെ അഭിമാനമായി ജിഎസ് ലക്ഷ്മി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 04:44 PM  |  

Last Updated: 14th May 2019 04:44 PM  |   A+A-   |  

gs_lakshmi

 

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ (ഐസിസി) മാച്ച് റഫറിമാരുടെ പാനലില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രതിനിധി. മുന്‍ ഇന്ത്യന്‍ താരമായ ജിഎസ് ലക്ഷ്മിയാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധി. അന്താരാഷ്ട്ര പോരാട്ടങ്ങളില്‍ മാച്ച് റഫറിയായി ഇനി 51 കാരിയായ ലക്ഷ്മിയുമുണ്ടാകും. 

2008-09 സീസണിലെ പ്രാദേശിയ ക്രിക്കറ്റ് പോരാട്ടങ്ങളില്‍ മാച്ച് റഫറിയായി ഇരുന്നതിന്റെ മുന്‍ പരിചയമുള്ള വ്യക്തിയാണ് ലക്ഷ്മി. മൂന്ന് വനിതാ ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളിലും അവര്‍ മാച്ച് റഫറിയായിരുന്നു. 

ഈ മാസം ആദ്യം പുരുഷന്‍മാരുടെ മത്സരം നിയന്ത്രിച്ച് ക്ലയര്‍ പൊളോസാക് എന്ന വനിതാ അമ്പയര്‍ ചരിത്രമെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലക്ഷ്മിയുടെ മാച്ച് റഫറിയായുള്ള വരവ്.

ഐസിസിയിലെ അമ്പയര്‍മാരുടെ ഡെവലപ്‌മെന്റ് പാനലില്‍ ക്ലയര്‍ പൊളോസാകിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുള്‍പ്പെടെ ഏഴ് വനിതാ പ്രതിനിധികളാണ് പുതിയതായി പാനലില്‍ ഇടംപിടിച്ചത്. എലോയ്‌സ് ഷെരിദന്‍, ലൗറന്‍ അഗെന്‍ബഗ്, കിം കോട്ടോണ്‍, ശിവാനി മിശ്ര, സുയെ റെഡ്‌ഫെന്‍, മേരി വാല്‍ഡ്രോണ്‍, ജാക്വിലിന്‍ വില്ല്യംസ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങള്‍. 

റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയാണെന്ന് ലക്ഷ്മി പ്രതികരിച്ചു. വിശാലമായ വഴികളാണ് തനിക്ക് മുന്നില്‍ തുറക്കപ്പെടുന്നത്. കളിക്കാരിയെന്ന നിലയിലും മാച്ച് റഫറി എന്ന നിലയിലും ഇന്ത്യയില്‍ മികച്ച അനുഭവ സമ്പത്തുണ്ട്. ഈ പരിചയം അന്താരാഷ്ട്ര പോരാട്ടങ്ങളിള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും അവര്‍ പ്രതികരിച്ചു.