ചിക്കന്‍പോക്‌സ് വില്ലനായി; പാക് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 05:47 AM  |  

Last Updated: 14th May 2019 05:47 AM  |   A+A-   |  

Amir-6

 

ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് അമീറിന് മുന്നിലുള്ള  സാധ്യതകളെല്ലാം മങ്ങുന്നു. പ്രാഥമിക വൈദ്യ പരിശോധനയില്‍ അമീറിന് ചിക്കന്‍പോക്‌സ് ആണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും അമീര്‍ കളിക്കില്ല. 

നേരത്തെ, പാകിസ്താന്റെ ലോകകപ്പിനുള്ള സംഘത്തില്‍ നിന്നും അമീറിനെ മാറ്റിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച കളി പുറത്തെടുത്ത് ലോകകപ്പ് ലക്ഷ്യം വയ്ക്കുകയായിരുന്നു അമീര്‍. 
ഇപ്പോള്‍ പാക് ടീമിനൊപ്പം കഴിയാതെ, ഇംഗ്ലണ്ടില്‍ തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അമീര്‍ കഴിയുന്നത്.  അമീറിനെ ടീമില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. ചിക്കന്‍പോക്‌സില്‍ നിന്നും മുക്തമായി തിരിച്ചു വരാന്‍ അമീറിന് എത്ര സമയം വേണ്ടി വരും എന്ന കാര്യത്തിലും തീരുമാനമായില്ല. 

നേരത്തെ, അമീറിന്റെ ഫോമില്ലായ്മയെ നായകന്‍ സര്‍ഫ്രാസ് അഹ്മദ് വിമര്‍ശിച്ചിരുന്നു. നമ്മുടെ പ്രധാന സ്‌ട്രൈക്കര്‍ ബൗളര്‍ വിക്കറ്റ് വീഴ്ത്തുന്നില്ലെങ്കില്‍ നായകന് അത് സമ്മര്‍ദ്ദം തരുമെന്നാണ് സര്‍ഫ്രാസ് പ്രതികരിച്ചത്. പാകിസ്താന് വേണ്ടി 50 ഏകദിനങ്ങളും, 36 ടെസ്റ്റും, 43 ട്വന്റി20യും കളിച്ച താരമാണ് അമീര്‍. എന്നാല്‍ 2010ലെ വാദുവയ്പ്പ് വിവാദവും, പിന്നാലെ വന്ന അഞ്ച് വര്‍ഷത്തെ വിലക്കും അമീറിന്റെ കരിയറിനെ ബാധിച്ചു.