'ധോണിക്കും നിരവധി തവണ തെറ്റുപറ്റിയിട്ടുണ്ട്, പക്ഷെ നേരിട്ട് പറയാനാകില്ല' ; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 02:02 PM  |  

Last Updated: 14th May 2019 02:02 PM  |   A+A-   |  


മുംബൈ : വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായിരിക്കുമ്പോഴും, പലപ്പോഴും ധോണി ബൗളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഫീല്‍ഡ് സെറ്റു ചെയ്യുന്നതും നിരവധി തവണ നാം കണ്ടിട്ടുണ്ട്. തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ ഇപ്പോഴും ധോണി തന്നെയാണ് കേമനെന്നാണ് മുന്‍ നായകന്റെ ആരാധകരുടെ നിലപാട്. 

എന്നാല്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ ധോണിക്കും പലപ്പോഴും തെറ്റുപറ്റിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ്. നിരവധി തവണ ധോണിക്ക് തെറ്റുപറ്റിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറയാന്‍ പറ്റില്ല. 

കാരണം ധോണി അധികാരം സംസാരിക്കുന്ന ആളല്ല. ഓവറുകള്‍ക്കിടയിലാണ് എന്തെങ്കിലും പറയുക, അതും തന്ത്രപരമായ എന്തെങ്കിലും കാര്യം ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ മാത്രം. ഇന്ത്യന്‍ ടീമിലെ ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവ് പറഞ്ഞു. 

തിങ്കളാഴ്ച സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് ദാനചടങ്ങിലാണ് കുല്‍ദീപ് യാദവിന്റെ വെളിപ്പെടുത്തല്‍. എപ്പോഴെങ്കിലും ധോണിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുമ്പോഴായിരുന്നു കുല്‍ദീപിന്റെ പ്രതികരണം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ ധോണി, 15 കളികളില്‍ നിന്നായി 416 റണ്‍സാണ് നേടിയിട്ടുള്ളത്.