നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ആരണെന്നതിന് ഉത്തരവുമായി സച്ചിൻ ടെണ്ടുൽക്കർ; കൃത്യതയോടെ പന്തെറിയുന്നവനെന്ന് യുവരാജും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 03:19 PM  |  

Last Updated: 14th May 2019 03:19 PM  |   A+A-   |  

sachin

 

മുംബൈ: നാല് വട്ടം ഐപിഎൽ കിരീടം നേടുന്ന ആദ്യ ടീമെന്ന ഖ്യാതി മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റൺസിന് കീഴടക്കിയാണ് മുംബൈ അവിശ്വസനീയ വിജയവും കിരീടവും നേടിയത്. ടൂർണമെന്റിൽ മുംബൈക്കായി എല്ലാ മത്സരങ്ങളിലും കളിച്ച പേസർ ജസ്പ്രിത് ബുമ്റയ്ക്ക് മുംബൈയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുണ്ട്. താരത്തിന്റെ സ്ഥിരതയും വൈവിധ്യവും ടീമിന് മുതൽക്കൂട്ടായി മാറുന്ന കാഴ്ചയായിരുന്നു ഐപിഎല്ലിൽ ഉടനീളം കണ്ടത്. 

ബുമ്ര എറിഞ്ഞ 19ാം ഓവറായിരുന്നു മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഫൈനലിൽ നാലോവറിൽ 14 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുമ്ര മാൻ ഓഫ് ദ മാച്ചുമായി. ലോക ക്രിക്കറ്റിൽ ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളർ ആരാണെന്ന ചോദ്യത്തിന് ബുമ്റയുടെ പേര് സംശയമില്ലാതെ പറയുന്ന തരത്തിലേക്കാണ് യുവ താരം തന്റെ മികവ് അടയാളപ്പെടുത്തിയത്. ഐപിഎല്ലില്‍ മുംബൈക്കായി ബുമ്ര 19 വിക്കറ്റുകൾ കൊയ്തു. 6.63 മാത്രമാണ് ഐപിഎല്ലിലെ ഇക്കോണമി.

വർത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ബുമ്രയാണെന്ന് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞതാണ്  ഇപ്പോൾ ശ്രദ്ധേയമായി നിൽക്കുന്നത്. അവസാന ഓവറുകളിൽ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബുമ്രയെ വ്യത്യസ്തനാക്കുന്നതെന്ന് സച്ചിൻ പറയുന്നു. ബുമ്രയുടെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ എന്നും സച്ചിൻ പറഞ്ഞു.

സച്ചിന്റെ അഭിനന്ദനത്തോട് പ്രതികരിക്കാന്‍ തനിക്ക് വാക്കുകളിലെന്നായിരുന്നു ബുമ്രയുടെ പ്രതികരണം. ബുമ്രയെപ്പോലെ കൃത്യതയോടെ പന്തെറിയുന്ന മറ്റൊരു ബൗളറെ കണ്ടിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് താരം യുവരാജ് സിങും വ്യക്തമാക്കി.