മാരക ഫോമിൽ സ്ഥിരതയുടെ പര്യായമായി വാർണർ; ഒപ്പം ഓറഞ്ച് ക്യാപിന്റെ ഒരു അപൂർവ റെക്കോർഡും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 09:23 PM  |  

Last Updated: 14th May 2019 09:23 PM  |   A+A-   |  

n5hsjdkg_david-warner-bcci_625x300_23_March_19

 

ഹൈദരാബാദ്: പന്ത് ചുരണ്ടൽ വിവാദവും അതിനെ തുടർന്നുള്ള വിലക്കും കഴിഞ്ഞാണ് ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ 12ാം ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കാനെത്തിയത്. എന്നാൽ വിവാദങ്ങളുടെ നാണക്കേട് പ്രകടന മികവിനാൽ തകർത്ത് ഈ സീസണിൽ വാർണർ നിറഞ്ഞാടുകയായിരുന്നു. 

വാര്‍ണര്‍ 12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് വാർണർ അടിച്ചുകൂട്ടിയത്. അതില്‍ എട്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ശരാശരി 69.20. സ്ട്രൈക്ക് റേറ്റ് 143.86. 

ഒപ്പം ഒരു അപൂർവ നേട്ടവും വാർണർ സ്വന്തമാക്കി. ഐപിഎല്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് വാർണർ നേടിയത്. 2015ല്‍ 562ഉം 2017ല്‍ 641ഉം റണ്‍സ് നേടിയാണ് വാര്‍ണര്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന നാലാം താരമായും വാര്‍ണര്‍ മാറി. 126 മത്സരങ്ങളില്‍നിന്ന് 4706 റണ്‍സ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയിൽ മുന്നിലുള്ളത്. 177 മത്സരങ്ങളില്‍ 5412 റണ്‍സ്. സുരേഷ് റെയ്ന (193 മത്സരങ്ങളില്‍ 5368 റണ്‍സ്), രോഹിത് ശര്‍മ (188 മത്സരങ്ങളില്‍ 4898) എന്നിവരാണ് തൊട്ടുപിന്നില്‍.