എന്തുകൊണ്ട് പന്തില്ല ? കാർത്തികിനെ ഉൾപ്പെടുത്തിയതിന്റെ കാരണം ഇതൊക്കെയാണ്; മറുപടി നൽകി കോഹ്‌ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 05:24 PM  |  

Last Updated: 15th May 2019 05:24 PM  |   A+A-   |  

pant

 

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് തഴയപ്പെട്ടത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പന്തിന് പകരം രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ദിനേഷ് കാർത്തികാണ് തിരഞ്ഞെടുക്കപ്പെട്ടത്. പന്തിന് പകരം എന്തുകൊണ്ട് കാർത്തിക് എന്ന ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രം​ഗത്തെത്തി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോഹ്‌ലി കാരണം വ്യക്തമാക്കിയത്. 

സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവും പരിചയ സമ്പത്തുമാണ് പന്തിന് പകരം കാര്‍ത്തികിനെ ടീമിലെടുക്കാനുള്ള കാരണമെന്ന് കോഹ്‌ലി പറഞ്ഞു. സമ്മര്‍ദ്ദഘട്ടങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന കളിക്കാരനാണ് കാര്‍ത്തിക്. പരിചയ സമ്പത്തും കാര്‍ത്തിക്കിന് അനുകൂല ഘടകമായി. ധോണിയ്ക്ക് എന്തെങ്കിലും പരുക്ക് പറ്റിയാല്‍ വിക്കറ്റിന് പിന്നിലും കാര്‍ത്തിക്കിന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാകും. ഫിനിഷര്‍ എന്ന നിലയിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റിന് പോകുമ്പോള്‍ ഇത്തരം എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

2004ല്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ കാര്‍ത്തിക് 91 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ഏകദിനങ്ങളില്‍ അരങ്ങേറിയ ഋഷഭ് പന്ത് ഇതുവരെ അഞ്ച് ഏകദിനങ്ങളില്‍ മാത്രമെ കളിച്ചിട്ടുള്ളു. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും ഇതുവരെ കളിച്ച ഏകദിനങ്ങളില്‍ പന്തിന്റെ പ്രകടനം അത്ര മികവുള്ളതായിരുന്നുമില്ല. ഇതെല്ലാം യുവ താരത്തിന് തിരിച്ചടിയായി മാറുകയായിരുന്നു.