മറ്റൊരു ടീമിനും അവകാശപ്പെടാനാവില്ല, അത്രമാത്രം ഇന്ത്യക്കാര്‍ ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടിലേക്ക് പറക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 05:56 AM  |  

Last Updated: 15th May 2019 05:56 AM  |   A+A-   |  

worldcupengland

കോഹ് ലിയും സംഘവും ഇംഗ്ലണ്ടില്‍ ലോക കിരീടം ഉയര്‍ത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കോടിക്കണക്കിന് ആരാധകര്‍ ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ ആവേശം നിറച്ച് ശ്വാസമടക്കിപ്പിടിച്ചിരുന്ന് കളി കാണുമ്പോള്‍, ഗ്യാലറിയിലിരുന്ന് നേരിട്ട് കളി കാണാനും വലിയൊരു സംഘം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ തയ്യാറെടുക്കുന്നുണ്ട്. എത്ര പേര്‍ എന്നല്ലേ? 

മറ്റ് 9 ടീമുകളുടെ ആരാധകരേക്കാള്‍ കൂടുതലായി ലോകകപ്പ് കാണുന്നതിനായി ഇംഗ്ലണ്ടിലേക്കെത്തുന്ന ആരാധക സംഘം ഇന്ത്യയുടേതായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉദ്ദേശം, 80,000ന് അടുത്ത് ഇന്ത്യക്കാര്‍ ലോകകപ്പ് കാണുന്നതിനായി എത്തുമെന്നാണ് ബ്രിട്ടീഷ് ഹൈക്കമീഷണര്‍ വക്താവ് വെളിപ്പെടുത്തിയത്. ഇതിന് മുന്‍പ് ടൂര്‍ണമെന്റുകള്‍ കാണുന്നതിനായി ഇന്ത്യന്‍ ആരാധകര്‍ യാത്ര ചെയ്ത ട്രെന്‍ഡുകള്‍ വിലയിരുത്തിയാണ് ഈ കണക്ക്. 

എത്രമാത്രം ആളുകള്‍ ലോകകപ്പ് കാണുന്നതിനായി ഇംഗ്ലണ്ടിലേക്കെത്തും എന്നത് സംബന്ധിച്ച വ്യക്തതയില്ല. പക്ഷേ, ഇന്ത്യക്കാരായിരിക്കും ഏറ്റവും അധികം എത്തുക എന്നുറപ്പാണ്. ക്രിക്കറ്റിനോടുള്ള ഇന്ത്യക്കാരുടെ താത്പര്യവും, ഇന്ത്യയ്ക്കും, യുകെയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകളുടെ സൗകര്യവും ഇതിന് കാരണമാകുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മീന്‍ വക്താവ് പറയുന്നു. 

2019 ജനുവരിക്കും, ഏപ്രിലിനും ഇടയില്‍ യുകെ വിസയ്ക്ക് വേണ്ടിയുള്ള 200,000 അപേക്ഷകളാണ് ലഭിച്ചത്. ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നതിനായി യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഓഫറുകളും മുന്നോട്ടു വെച്ചിരുന്നു. പ്രയോറിറ്റി ആന്‍ഡ് സൂപ്പര്‍ പ്രയോറിറ്റി വിസാസ്, ഡോര്‍സ്‌റ്റെപ്പ് വിസ ആപ്ലിക്കേഷന്‍ സര്‍വീസ്, ബ്രിട്ടന്‍ ട്രാവല്‍ ഷോപ്പ് വഴി മാച്ച് ടിക്കറ്റുകള്‍ എന്നിവയായിരുന്നു പദ്ധതികള്‍.