റഡാറില്‍ കോഹ്‌ലിയും വാര്‍ണറും ഗെയ്‌ലും ഗുപ്റ്റിലും; ലോകകപ്പില്‍ താരങ്ങളെ കാത്ത് ഈ മൂന്ന് റെക്കോര്‍ഡുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 04:52 PM  |  

Last Updated: 15th May 2019 04:52 PM  |   A+A-   |  

world_cup

 

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി അരങ്ങേറുന്ന ലോക മാമാങ്കം ഈ മാസം 30 മുതല്‍ ആരംഭിക്കും. 

ഒരു താരത്തിന്റെ കഴിവ് മാറ്റുരയ്ക്കപ്പെടുന്ന ഏറ്റവും വലിയ വേദിയാണ് ലോകകപ്പ്. ക്രിക്കറ്റ് ലോകകപ്പില്‍ തങ്ങളുടെ പേര് തങ്ക ലിപികളില്‍ എഴുതി ചേര്‍ത്തവര്‍ നിരവധിയാണ്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ് ആദം ഗില്‍ക്രിസ്റ്റ്, കുമാര്‍ സംഗക്കാര, കപില്‍ ദേവ്, മഹേന്ദ്ര സിങ് ധോണി തുടങ്ങി ആ പട്ടിക നീളുന്നു. ലോകകപ്പിലെ ഇവരുടെയെല്ലാം പ്രകനടങ്ങള്‍ ആരാധകര്‍ എക്കാലവും ഓര്‍ത്തു വയ്ക്കുന്നു. 

ഓര്‍മ്മയില്ലേ ധോണിയുടെ 91 റണ്‍സ്. ആ ഇന്നിങ്‌സിനോളം മികച്ച ഒരു പ്രകടനം ധോണി കളിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം ആ നിര്‍ണായക പ്രകടനം വന്നത് 2011ലെ ഫൈനലിലായിരുന്നു. സച്ചിന്‍ ടെണ്ടല്‍ക്കര്‍ നേടിയ 98 റണ്‍സും അതുപോലെ ഓര്‍മയില്‍ നില്‍ക്കുന്നതാണ്. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ പ്രകടനം. 2007ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കന്‍ ബൗളിങ് ആക്രമണത്തെ ചെറുത്ത് ഓസ്‌ട്രേലിയക്കായി 149 റണ്‍സ് അടിച്ച ഗില്‍ക്രിസ്റ്റിന്റെ പ്രകടനവും അത്തരത്തില്‍ ഒന്നായിരുന്നു. 

ലോകകപ്പിന്റെ 12ാം അധ്യായം തുടങ്ങാനിരിക്കെ താരങ്ങളെ കാത്ത് മൂന്ന് അപൂര്‍വ ബാറ്റിങ് ലോക റെക്കോര്‍ഡുകള്‍ കാത്തിരിപ്പുണ്ട്. 

ഏറ്റവും കൂടുതല്‍ റണ്‍സ്

ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് 16 വര്‍ഷമായി തകരാതെ നില്‍ക്കുന്നു. ഈ റെക്കോര്‍ഡ് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് നേടിയത്. 2003ലെ ലോകകപ്പില്‍ 673 റണ്‍സുകള്‍ അടിച്ചുകൂട്ടിയാണ് സച്ചിന്റെ മാസ്മരിക പ്രകടനം. ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും സഹിതം 61.18 ബാറ്റിങ് ശരാശരിയിലായിരുന്നു സച്ചിന്റെ മിന്നും പ്രകടനം. 2007ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ഓപണര്‍ മാത്യു ഹെയ്ഡന്‍  659 റണ്‍സ് വരെ നേടിയെങ്കിലും സച്ചിന്റെ റെക്കോര്‍ഡ് ഭദ്രമായി തന്നെ നിന്നു. ഇത്തവണ ആരെങ്കിലും അത് തകര്‍ക്കുമോ എന്നാണ് അറിയേണ്ടത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മിന്നും ഫോമിലുള്ള ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, വെസ്റ്റിന്‍ഡീസ് വെറ്ററന്‍ ക്രിസ് ഗെയ്ല്‍ എന്നിവരില്‍ ഒരാള്‍ ഈ റെക്കോര്‍ഡ് തകര്‍ത്താല്‍ അത്ഭുതപ്പെടേണ്ടതില്ല. 

ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുക എന്നത് ഇന്ന് വിസ്മയിപ്പിക്കുന്ന പ്രകടനമല്ല. ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. ഏകദിനത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരമായി ഇന്ത്യയുടെ രോഹിത് ശര്‍മ്മയുണ്ട്. എന്നാല്‍ ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ച്വറി പിറന്നത് കഴിഞ്ഞ അധ്യായത്തിലായിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ സിംബാബ്‌വെക്കെതിരെ 215 റണ്‍സെടുത്താണ് റെക്കോര്‍ഡിട്ടത്. എന്നാല്‍ ഇതേ ടൂര്‍ണമെന്റില്‍ തന്നെ വെസ്റ്റിന്‍ഡീസിനെതിരെ ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 163 പന്തുകള്‍ നേരിട്ട്  237 റണ്‍സെടുത്ത് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഈ ലോകകപ്പില്‍ ഒരു പക്ഷേ ഈ റെക്കോര്‍ഡും മാറിയേക്കും. രോഹിത് ശര്‍മ, ഗുപ്റ്റില്‍, ഗെയ്ല്‍ എന്നിവര്‍ ഇത്തവണയും കളത്തിലിറങ്ങുന്നുണ്ട്. 

ഏറ്റവും കൂടുതല്‍ സെഞ്ച്വറി

ലോകകപ്പിന്റെ ഒരു അധ്യായത്തില്‍ ഏറ്റവും കൂടുതല്‍ ശതകങ്ങള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ പേരിലാണ്. കഴിഞ്ഞ ലോകകപ്പിലാണ് ഇതിഹാസ താരത്തിന്റെ മാസ്മരിക പ്രകടനം. ഏഴ് കളികളില്‍ നാല് സെഞ്ച്വറികളാണ് താരം അടിച്ചെടുത്തത്. 108.20 റണ്‍സ് ശരാശരിയില്‍ 541 റണ്‍സായിരുന്നു സംഗക്കാരയുടെ സമ്പാദ്യം. കോഹ്‌ലി, ഗെയ്ല്‍, ഗുപ്റ്റില്‍ എന്നിവരിലൊരാള്‍ക്ക് ഈ റെക്കോര്‍ഡ് മറികടക്കാനുള്ള കെല്‍പ്പുണ്ട്. ഇതില്‍ തന്നെ കോഹ്‌ലി ഒരുപടി മുന്നില്‍ നില്‍ക്കുന്നു.