ലോകകപ്പിൽ ഒത്തുകളിക്കാൻ പദ്ധതിയിടുന്നവർ കരുതിയിരുന്നോളു; ഇവർ വിടാതെ പിന്തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 03:28 PM  |  

Last Updated: 15th May 2019 03:28 PM  |   A+A-   |  

world-cup-trophy-2019

 

ലണ്ടന്‍: ക്രിക്കറ്റിന് എക്കാലത്തും വെല്ലുവിളിയായി നിൽക്കുന്നതാണ് വാതുവയ്പ്പ് സംഘങ്ങളും അവരുടെ ഒത്തുകളി പ്രേരണകളും. ഒത്തുകളി സംഘത്തിന്റെ കെണിയിൽ  പെട്ട് കരിയർ തന്നെ നശിച്ചു പോയ താരങ്ങളും നിരവധി. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റ് വാതുവയ്പ്പുകാരെ സംബന്ധിച്ച് ചാകര കാലമാണ്.

ഈ മാസം 30 മുതൽ ഇം​ഗ്ലണ്ടിൽ ആരംഭിക്കുന്ന ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ ജാ​ഗ്രത പുലർത്താനുറച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ രം​ഗത്തെത്തിക്കഴിഞ്ഞു. കര്‍ശന നടപടികളുമായി ഇതിനെ നേരിടാനുള്ള ഒരുക്കങ്ങളാണ് ഐസിസി നടത്തുന്നത്. ലോകകപ്പില്‍ മത്സരിക്കുന്ന 10 ടീമുകള്‍ക്കൊപ്പവും അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരമായുണ്ടാകുമെന്ന് ഐസിസി വ്യക്തമാക്കി.

സന്നാഹ മത്സരങ്ങള്‍ മുതല്‍ ഫൈനല്‍ വരെ ഉദ്യോഗസ്ഥര്‍ ടീമിനൊപ്പമുണ്ടാകും. ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുകയും പരിശീലന വേദികളിലേയ്ക്കടക്കം താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുമെന്നും ഐസിസി അറിയിച്ചു. ആദ്യമായാണ് ഐസിസി ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മുമ്പ് മത്സരം നടക്കുന്ന വേദികളിലായിരുന്നു ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി പ്രതിനിധിയുണ്ടാവുക.

ടീമുകള്‍ക്കൊപ്പം സ്ഥിരം പ്രതിനിധിയെ അയക്കുന്നതോടെ കളിക്കാര്‍ക്ക് ആശയ വിനിമയം നടത്താന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. വാതുവയ്പ്പ് മാഫിയയുടെ പ്രതിനിധികള്‍ താരങ്ങളെ സമീപിക്കാതിരിക്കാനായാണ് മുന്‍കരുതല്‍ എടുക്കുന്നതെന്നും ഐസിസി വ്യക്തമാക്കി.