പാകിസ്താനും ലോകകപ്പ് സെമിയില്‍ എത്തും, ഇംഗ്ലണ്ട് അവരുടെ തട്ടകം; ഗാംഗുലിയുടെ പ്രവചനം ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 05:42 AM  |  

Last Updated: 15th May 2019 05:42 AM  |   A+A-   |  

ganguly_kohli

ഇംഗ്ലണ്ട് വേദിയാവുന്ന ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് പാകിസ്താനും എത്തുമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പ്രവചനം. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും, ഓസ്‌ട്രേലിയയ്ക്കും ഒപ്പം പാകിസ്താനും സെമിയിലേക്ക് എത്തുമെന്നാണ് ഗാംഗുലി പറയുന്നത്. 

ഇംഗ്ലണ്ട് വേദിയായിട്ടുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്താന്‍ കാട്ടിയിരിക്കുന്ന മികവ് ചൂണ്ടിക്കാട്ടിയാണ് ഗാംഗുലിയുടെ വാക്കുകള്‍. ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണില്‍ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ പാകിസ്താന്റെ കളിയും ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. വലിയ ടോട്ടലുകള്‍ ചെയ്‌സ് ചെയ്യാന്‍ പ്രാപ്തമാണ് അവരെന്നാണ് ഇന്ത്യന്‍ മുന്‍ നായകന്റെ വിലയിരുത്തല്‍. 

രണ്ട് വര്‍ഷം മുന്‍പ് ഇംഗ്ലണ്ട് വേദിയായ ചാമ്പ്യന്‍സ് ട്രോഫി അവര്‍ ജയിച്ചു. 2009ല്‍ ഇംഗ്ലണ്ട് വേദിയായ ലോക ട്വന്റി20യും അവര്‍ ജയിച്ചു. ഇംഗ്ലണ്ടില്‍ പാകിസ്താന്‍ എപ്പോഴും മികവ് കാണിക്കുന്നു. ഇംഗ്ലണ്ടിനെതിരായ അവരുടെ കഴിഞ്ഞ കളി നോക്കണം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 374 റണ്‍സ് എന്ന സ്‌കോറിന് തൊട്ടടുത്ത് അവര്‍ എത്തിയെന്നും ഗാംഗുലി പറയുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് പാകിസ്താനില്‍ നിന്നും വലിയ ഭീഷണിയില്ലെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. 

ആ ദിവസം ഏത് ടീം നന്നായി കളിക്കുന്നുവോ അവര്‍ ജയിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ശക്തമാണ്. കഴിഞ്ഞ 25-30 വര്‍ഷമായി നമ്മള്‍ ശക്തരാണ്. 2003ലെ ലോകകപ്പില്‍ നമുക്കുണ്ടായിരുന്നതിനേക്കാള്‍ ഈ സാധ്യത ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തിനുണ്ടെന്നും അദ്ദേഹം പറയുന്നു.