മഹി ഭായിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ സൃഷ്ടിച്ച മറ്റൊരു വിവാദമാണത്; വിശദീകരണവുമായി കുൽദീപ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 09:58 PM  |  

Last Updated: 15th May 2019 09:58 PM  |   A+A-   |  

kuldeepyadav-1557834979

 

മുംബൈ: മഹേന്ദ്ര സിങ് ധോണിക്ക് ഒട്ടേറെ തവണ തെറ്റ് പറ്റിയിട്ടുണ്ടെന്നും എന്നാല്‍ അത് അദ്ദേഹത്തോട് പറയാന്‍ പാടില്ലായിരുന്നുവെന്നും സ്‌പിന്നര്‍ കുല്‍ദീപ് യാദവ് പറഞ്ഞതായുള്ള വാര്‍ത്ത വലിയ വിവാദമായിരുന്നു. കുല്‍ദീപിന്‍റെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഒരു വാര്‍ത്താ ഏജന്‍സി നൽകിയ റിപ്പോർട്ടാണ് വിവാദമായി മാറിയത്. എന്നാൽ താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കുൽദീപ് രം​ഗത്തെത്തി. 

ധോണിക്കെതിരെ താന്‍ രംഗത്തെത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും മഹി ഭായിക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ കുല്‍ദീപ് വ്യക്തമാക്കുന്നു. കാരണങ്ങളില്ലാതെ അഭ്യൂഹങ്ങള്‍ പരത്താന്‍ ഇഷ്ടപ്പെടുന്ന മാധ്യമങ്ങള്‍ സൃഷ്ടിച്ച മറ്റൊരു വിവാദം. വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. താന്‍ ആരെയും കുറിച്ച് അനാവശ്യ പ്രയോഗങ്ങള്‍ നടത്തിയിട്ടില്ല. മഹി ഭായിയെ ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

ക്രിക്കറ്റിലെ തന്ത്രങ്ങളുടെ ആശാനായ ധോണിക്ക് പിഴച്ചിട്ടുണ്ടെന്നും അദേഹം കൂളല്ല എന്നും ഒരു ക്രിക്കറ്റ് അവാര്‍ഡ് ചടങ്ങിനിടെ കുല്‍ദീപ് പറഞ്ഞതായായിരുന്നു നേരത്തെ വന്ന വാര്‍ത്ത. ധോണിയുടെ കൂള്‍ കൈവിട്ട സന്ദര്‍ഭങ്ങളും പലരും ചൂണ്ടിക്കാട്ടി. ഇതോടെ കുല്‍ദീപിനെതിരെ ആരാധക പ്രതിഷേധവും ആരംഭിച്ചു. സംഭവം വലിയ വിവാദമായതോടെയാണ് വിശദീകരണവുമായി കുല്‍ദീപ് രംഗത്തെത്തിയത്.