ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇവര്‍; സന്നാഹ മത്സരങ്ങളും ലൈവ് കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 05:44 AM  |  

Last Updated: 15th May 2019 05:44 AM  |   A+A-   |  

koliworld

ലോകകപ്പ് ആവേശത്തിലേക്കെത്താന്‍ ഇനി രണ്ടാഴ്ച കൂടി. ടീമുകള്‍ അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് കടക്കവെ ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ തീയതികള്‍ പുറത്തുവിട്ടു. മെയ് 24 മുതല്‍ 28 വരെയാണ് സന്നാഹ മത്സരങ്ങള്‍. 

10 ടീമുകളും രണ്ട് സന്നാഹ മത്സരങ്ങള്‍ വീതം കളിക്കും. സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനേയും, ബംഗ്ലാദേശിനേയുമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടത്. മെയ് 25നാണ് ഇന്ത്യയുടെ കീവിസിനെതിരായ പോര്. മെയ് 28ന് ഇന്ത്യ ബംഗ്ലാദേശിനേയും നേരിടും. ഇന്ത്യയില്‍ ലോകകപ്പിന്റെ സംപ്രേഷണാവകാശം നേടിയിരിക്കുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് സന്നാഹ മത്സരങ്ങളും ഇന്ത്യയില്‍ തത്സമയം സംപ്രേഷണം ചെയ്യും. 

ഇന്ത്യയില്‍ ഹോട്ട്‌സ്റ്റാറില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങുമുണ്ടാവും. ഇംഗ്ലണ്ടിലെ പിച്ചിനോടും കാലവസ്ഥയോടും ഇണങ്ങാന്‍ സന്നാഹ മത്സരങ്ങള്‍ സഹായിക്കും. ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര കളിക്കുന്നത് പാകിസ്താന് മുന്‍തൂക്കം നല്‍കുന്നുണ്ട്. വിന്‍ഡിസ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ അയര്‍ലാന്‍ഡുമായി ത്രിരാഷ്ട്ര പരമ്പര കളിക്കുകയുമാണ്. ലോകകപ്പിന് തൊട്ടുമുന്‍പുള്ള ഈ പരമ്പരകള്‍ ടീമുകള്‍ക്ക് ഗുണം ചെയ്യും. 

ഇന്ത്യയാവട്ടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഏകദിനം കളിച്ചിട്ടില്ല. രണ്ട് മാസം നീണ്ടു നിന്ന ട്വന്റി20 പൂരത്തിന്റെ ഹാങ്ഓവറില്‍ നിന്നും ഏകദിന ഫോര്‍മാറ്റിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ക്ക് നീങ്ങേണ്ടത് വെല്ലുവിളിയാണ്.