36 വര്‍ഷം പഴക്കമുള്ള കപില്‍ ദേവിന്റെ റെക്കോര്‍ഡ് ഈ ചെറുപ്പക്കാരന്‍ അടിച്ചു പറത്തി; തകര്‍പ്പന്‍ ബാറ്റിങ് വന്നത് ഇംഗ്ലണ്ടിനോട് തോറ്റ കളിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 05:43 AM  |  

Last Updated: 16th May 2019 05:43 AM  |   A+A-   |  

237345_105153_updates

ബ്രിസ്‌റ്റോള്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇമാം ഉള്‍ ഹഖിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തിലായിരുന്നു പാകിസ്താന്‍ 358 റണ്‍സ് പടുത്തുയര്‍ത്തിയത്. പക്ഷേ 31 പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് തകര്‍ത്തു കളിച്ച് ഈ വിജയ ലക്ഷ്യം മറികടന്നു. ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ലെങ്കിലും 36 വര്‍ഷം പഴക്കമുള്ളൊരു റെക്കോര്‍ഡ് അവിടെ മറികടന്നാണ് ഇമാം ഉള്‍ ഹഖ് അവിടെ മൈതാനത്ത് നിന്നും തിരികെ കയറിയത്. 

ഏകദിനത്തില്‍ 150 റണ്‍സിന് മുകളില്‍ വ്യക്തിഗത സ്‌കോര്‍ കണ്ടെത്തുന്ന പ്രായം കുറഞ്ഞ താരം എന്ന ഇന്ത്യയുടെ ലോകകപ്പ് ഹീറോയുടെ റെക്കോര്‍ഡാണ് ഇമാം ഉള്‍ ഹഖ് തന്റെ പേരിലാക്കിയത്. ഇംഗ്ലണ്ടിനെതിരെ 131 പന്തില്‍ നിന്നും 16 ഫോറും 1 സിക്‌സും പറത്തിയായിരുന്നു ഇമാമിന്റെ ഇന്നിങ്‌സ്. 

24 വയസുള്ളപ്പോള്‍, 1983ലെ ലോകകപ്പില്‍ സിംബാബ്വെയ്‌ക്കെതിരെ കപില്‍ ദേവ് നേടിയ 175 റണ്‍സിനായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 36 വര്‍ഷത്തിന് ശേഷം, മറ്റൊരു ലോകകപ്പ് അടുത്ത് വന്ന് നില്‍ക്കെ ഇമാം ആ റെക്കോര്‍ഡ് തന്റെ പേരിലാക്കി. 23 വയസാണ് ഇമാം ഉള്‍ ഹഖിന്റെ പ്രായം. വലിയ വിജയ ലക്ഷ്യം ഉയര്‍ത്തിയിട്ടും ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു കളിച്ചതോടെ ജയം പാകിസ്താന്റെ കയ്യില്‍ നിന്നും അകലുകയായിരുന്നു. ബെയര്‍‌സ്റ്റോ 93 പന്തില്‍ നിന്നും 128 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 55 പന്തില്‍ നിന്നും 76 റണ്‍സ് നേടിയാണ് ജേസണ്‍ റോയ് കട്ടയ്ക്ക് നിന്നത്.