ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് സ്റ്റിമാച്ച്; മലയാളി താരങ്ങളായ ജോബി ജസ്റ്റിനും സഹലും ടീമിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 02:38 PM  |  

Last Updated: 16th May 2019 02:38 PM  |   A+A-   |  

D6qxa5eUwAEQyKa

 

ന്യൂഡൽഹി: അടുത്ത മാസം തായ്‌ലന്‍ഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ പോരാട്ടത്തിനുള്ള 37 അംഗ ഇന്ത്യൻ  സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ‌ ദിവസം പുതിയ പരിശീലകനായി  സ്ഥാനമേറ്റ ഇഗോർ സ്റ്റിമാച്ചാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരങ്ങളായ ജോബി‌ ജസ്റ്റിനും, സഹൽ അബ്ദുൽ സമദും ടീമിൽ ഇടം പിടിച്ചത് മലയാളി ആരാധകർക്ക് ഏറെ ആവേശം നൽകുന്നുണ്ട്. മുൻ കോച്ച് കോൺസ്റ്റന്റൈൻ ജോബിക്ക്  അവസരം നൽകാതിരുന്നത് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഫോമിലല്ലാത്ത ജെജെ ലാൽ പെഖുലെയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല. 

ജോബി ജസ്റ്റിനൊപ്പം, ജംഷദ്പൂർ എഫ് സി‌യുടെ മൈക്കൽ സൂസൈരാജ്, ഇന്ത്യൻ ആരോസ് താരങ്ങളായ, അൻവർ അലി, അമർജിത് സിങ് എന്നിവരും ടീമിൽ ഇടം പിടിച്ചതും ശ്രദ്ധേയമായി. ഇന്ത്യൻ അഭ്യന്തര ഫുട്ബോളിൽ കാഴ്ച വെക്കുന്ന സ്ഥിരതയാർന്ന‌ പ്രകടനങ്ങളാണ് ഈ താരങ്ങളെ സാധ്യതാ പട്ടികയിൽ എത്തിച്ചത്. 

ഈ മാസം ഇരുപതാം തീയതി ന്യൂഡൽഹിയിലായിരിക്കും ടീമിന്റെ പരിശീലന ക്യാമ്പ് നടക്കുക. ഇതിൽ നിന്നാകും കിങ്സസ് കപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിക്കുക. ജൂൺ അഞ്ചിന് കുറക്കാവോയ്ക്കെതിരെയാണ് കിങ്സ് കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.