കേ​ദാറിന്റെ പരുക്ക്; പുറത്തുവരുന്നത് ആശ്വസിക്കാവുന്ന റിപ്പോർട്ടുകൾ; ഇന്ത്യൻ ടീം 22ന് ഇം​ഗ്ലണ്ടിലേക്ക് പറക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 05:54 PM  |  

Last Updated: 16th May 2019 05:54 PM  |   A+A-   |  

kedar-jadhav_95b701e8-d8d3-11e8-9906-75af39aa85f1

 

മുംബൈ: ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച ഓൾറൗണ്ടർ കേദാർ ജാദവിന് ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റത് വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ടീമിന് ആശ്വാസമാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേദാര്‍ ജാദവ് ലോകകപ്പിന് മുന്‍പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. 

ഈ മാസം 30ന് ആരംഭിക്കുന്ന ലോകകപ്പിനായി 22ാം തീയതിയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ജാദവിന്‍റെ കാര്യത്തില്‍ 22ാം തീയതി വരെ കാത്തിരിക്കാനാണ് സെലക്‌ടര്‍മാരുടെ തീരുമാനമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. 

കേദാറിന്റെ പരുക്ക് ഭേദമാകാതിരുന്നാല്‍ പകരക്കാരായി അക്സർ പട്ടേലിനെയും അമ്പാട്ടി റായിഡുവിനെയും സെലക്‌ടര്‍മാർ പരി​ഗണിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേദാറിന് കളിക്കാനാകും എന്നാണ് ഇന്ത്യന്‍ സെലക്‌ടര്‍മാർ പ്രതീക്ഷിക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.