'കോഹ്‌ലിയും ധോണിയുമുണ്ട്; ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്'- സൂപ്പര്‍ സ്പിന്നര്‍ പറയുന്നു 

ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്ന് ചഹല്‍ പറയുന്നു
'കോഹ്‌ലിയും ധോണിയുമുണ്ട്; ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്'- സൂപ്പര്‍ സ്പിന്നര്‍ പറയുന്നു 

ന്യൂഡല്‍ഹി: കഴിഞ്ഞ  ലോകകപ്പില്‍ ആര്‍ അശ്വിനായിരുന്നു ഇന്ത്യയുടെ സ്പിന്‍ വിഭാഗത്തിന്റെ കുന്തമുന എങ്കില്‍ ഇത്തവണ ആസ്ഥാനം രണ്ട് പേര്‍ക്കാണ് ഒന്ന് യുസ്‌വേന്ദ്ര ചഹലും മറ്റൊരാള്‍  കുല്‍ദീപ് യാദവും. ലോകകപ്പ് കളിക്കാനൊരുങ്ങുന്നതിന്റെ സമ്മര്‍ദ്ദമുണ്ടെങ്കിലും താന്‍ തയ്യാറാണെന്ന് ചഹല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചഹല്‍ തന്റെ ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവച്ചത്. 

തനിക്കും കുല്‍ദീപിനും ഇടയില്‍ പരസ്പര വിശ്വാസം ആവോളമുണ്ട്. ബാറ്റ്‌സ്മാന്‍മാരുടെ ക്രീസിലെ കൂട്ടുകെട്ട് പോലെയാണ് ബൗളിങില്‍ തങ്ങളെന്നും ചഹല്‍ പറയുന്നു. മികച്ച ഏകോപനത്തോടെ പരസ്പരം മനസിലാക്കി പന്തെറിയാന്‍ തങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് പ്രധാന ഘടകം. പരസ്പരം തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്നു. ഇതില്‍ മുതിര്‍ന്ന താരങ്ങളുടെ സഹായവും ലഭിക്കുന്നു. പ്രത്യേകിച്ച് കോഹ്‌ലി ഭായിയുടേയും മഹി ഭായിയുടേയും.

2018ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ സാഹചര്യങ്ങള്‍ അറിയാം. സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ് കാര്യങ്ങള്‍. ലോകകപ്പില്‍ സ്പിന്‍  ബൗളര്‍മാര്‍  നേട്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇംഗ്ലീഷ് സാഹചര്യത്തില്‍ ബൗള്‍ ചെയ്യുക എന്നത് അത്ര എളുപ്പമല്ലെന്നും ചഹല്‍ വ്യക്തമാക്കി. 

കന്നി ലോകകപ്പ് പോരാട്ടത്തിനാണ് ഇറങ്ങുന്നത് എന്നതിനാല്‍ വ്യക്തിപരമായി ആകാംക്ഷയുണ്ട്. അതിനാല്‍ തന്നെ കഠിനാധ്വാനത്തിലാണ്. ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നമാണല്ലോ ലോകകപ്പ് കളിക്കുക എന്നത്. കന്നി ലോകകപ്പിന്റെ സമ്മര്‍ദ്ദങ്ങളുണ്ട്. അതേസമയം ഏറ്റവും മികച്ചത് തന്നെ ടീമിനായി നല്‍കാന്‍ ശ്രമിക്കും. 

മുന്‍ ദേശീയ ചെസ്സ് താരം കൂടിയായിരുന്ന ചഹല്‍, ചെസ്സ് തന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് വലിയ രീതിയില്‍ സഹായകമായിട്ടുണ്ടെന്ന് പറയുന്നു. ഒരു  നീക്കത്തിനായി മണിക്കൂറുകള്‍ ഇരിക്കേണ്ടതുണ്ട്. ഈയൊരു സന്തുലിതത്വം ക്രിക്കറ്റ് ഫീല്‍ഡില്‍ ഉപകരിക്കപ്പെട്ടിട്ടുണ്ട്. 

ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്ന് ചഹല്‍ പറയുന്നു. മികച്ച  ടീമാണ് നമ്മുടേത്. ഇംഗ്ലണ്ട് കരുത്തരാണ്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളും ഫേവറിറ്റുകള്‍ തന്നെയാണെന്നും 28കാരനായ താരം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യക്കായി 41 ഏകദിന മത്സരങ്ങളാണ് ചഹല്‍ കളിച്ചത്. 72 വിക്കറ്റുകളാണ് സമ്പാദ്യം. 24.61 ആവറേജ്. അഞ്ച് വിക്കറ്റ് നേട്ടം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com