ഫാന്‍സിന്റെ പൊങ്കാല, ധോനിയുടെ റണ്‍ഔട്ടിന് പരിഹസിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്ത് നീഷാം, വീണ്ടും ഫാന്‍സിനെ പ്രകോപിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 05:55 AM  |  

Last Updated: 16th May 2019 05:55 AM  |   A+A-   |  

neesham5

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരുടെ പൊങ്കാല സഹിക്കാന്‍ വയ്യാതെ വന്നതോടെ ധോനി ഫാന്‍സിനെ ട്രോളിയുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്ത് ന്യൂസിലാന്‍ഡ് ഓള്‍ റൗണ്ടര്‍ ജെയിംസ് നീഷാം. ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അത് തന്റെ കീഴടങ്ങലല്ല, മറിച്ച്, ഓരോ ദിവസവും ഒരു ആശയവുമില്ലാത്ത ഇരുന്നൂറോളം കമന്റുകള്‍ കാണുന്നതിലെ മടുപ്പ് കൊണ്ടാണെന്നാണ് നീഷാം പറയുന്നത്. 

ഐപിഎല്‍ ഫൈനലില്‍ ധോനി റണ്‍ഔട്ട് ആയിരുന്നില്ലെന്നും തേര്‍ഡ് അമ്പയറുടെ പിഴവാണ് അവിടെ പ്രശ്‌നമായത് എന്ന വാദമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ചെന്നൈ ഫാന്‍സിന്റെ ഈ വാദത്തെ ട്രോളിയായിരുന്നു നീഷാമിന്റെ ട്വീറ്റ്. എനിക്ക് ധോനിയോട് വലിയ ബഹുമാനമുണ്ട്. എങ്കിലും, ഈ ഫോട്ടോ കണ്ടിട്ട്, അത് നോട്ടൗട്ട് ആണെന്ന് എങ്ങനെയാണ് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുന്നത് എന്നാണ് നീഷാം ചോദിച്ചത്. 

നീഷാമിന്റെ ട്വീറ്റ് ചെന്നൈ ആരാധകരെ പ്രകോപിപ്പിച്ചതോടെ താരത്തിന്റെ ട്വീറ്റിനടിയില്‍ വന്ന് ആരാധകര്‍ പൊങ്കാല തുടങ്ങി. ഇതോടെയാണ് നീഷാം ട്വീറ്റ് ഡിലീറ്റ് ചെയ്തത്. ധോനിയുടെ റണ്‍ഔട്ട് സംബന്ധിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്‌തെന്ന് വ്യക്തമാക്കി നീഷാം ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, എന്റെ നിലപാടില്‍ മാറ്റം വന്നത് കൊണ്ടല്ല ഞാന്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തത്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, ദിവസം ഒരു ആശയവും ഇല്ലാത്ത ഇരുന്നൂറോളം കമന്റുകള്‍ കാണുന്നത് എന്നെ ബുദ്ധിമുട്ടിക്കുന്നു. രണ്ടാമത്, എനിക്ക് ഇതിലൊന്നും ഒരു ചുക്കുമില്ല...നീഷാം ട്വീറ്റില്‍ കുറിക്കുന്നു.