വമ്പൻ ട്വിസ്റ്റ്; ഇർഫാൻ പത്താൻ കരീബിയൻ പ്രീമിയർ ലീ​ഗിലേക്ക്; ടീമിലെത്തിയാൽ കാത്തിരിക്കുന്നത് ഈ നേട്ടങ്ങൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 04:18 PM  |  

Last Updated: 16th May 2019 04:18 PM  |   A+A-   |  

CricfitIrfanPathan

 

ജമൈക്ക: ഒരു സമയത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ക്രിക്കറ്റ് താരമായിരുന്നു ഇർഫാൻ പത്താൻ. താരത്തിന്റെ ഓൾറൗണ്ട് മികവ് ഇതിഹാസ താരം കപിൽ ദേവിന്റെ പിൻ​ഗാമിയെന്ന വിശേഷണം വരെ നൽകി. എന്നാൽ ക്രമേണ മികവ് പുലർത്താൻ സാധിക്കാതെ ഇർഫാൻ ഇന്ത്യൻ  ടീമിൽ നിന്ന് തഴയപ്പെടുന്ന കാഴ്ചയായിരുന്നു. ഐപിഎല്ലിലും താരത്തിന് തിളങ്ങാൻ സാധിക്കാതെ വന്നതോടെ ഇത്തവണ ഒരു ടീമിലും ഇടംപിടിക്കാൻ ഇർഫാന് കഴിഞ്ഞതുമില്ല. 

ഇപ്പോഴിതാ വിദേശ ടി20 ലീ​ഗിലൂടെ കളിക്കളത്തിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിലാണ് താരം എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2019 ലെ‌ കരീബിയൻ പ്രീമിയർ ലീഗ് ടി20 ക്ക് മുന്നോടിയായി നടക്കുന്ന താരങ്ങളുടെ ഡ്രാഫ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ഇർഫാൻ. ഇന്ത്യയിൽ നിന്ന് ഡ്രാഫ്റ്റ് പട്ടികയിൽ ഇടം പിടിച്ച ഏക താരമാണ് ഇർഫാൻ. ഡ്രാഫ്റ്റിൽ നിന്ന് ഏതെങ്കിലും ടീം സ്വന്തമാക്കിയാൽ വിദേശ ടി20 ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായും ഇർഫാൻ മാറും.

ഈ മാസം 22ന് ലണ്ടനിലാണ് കരീബിയന്‍  പ്രീമിയര്‍ ലീഗിലേക്കുള്ള താരങ്ങളുടെ ഡ്രാഫ്റ്റ്. വെസ്റ്റിന്‍ഡീസ് അടക്കം 20ഓളം രാജ്യങ്ങളിലെ താരങ്ങളാണ് ഡ്രാഫ്റ്റിലുള്ളത്. 

ഇന്ത്യക്കായി 24 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇര്‍ഫാന്‍ 28 റണ്‍സും 172 റണ്‍സുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡയര്‍ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുള്‍ക്കായി താരം കളിച്ചിട്ടുണ്ട്. വരുന്ന രഞ്ജി സീസണില്‍ ജമ്മു  കശ്മീരിന്റെ ഉപദേഷ്ടാവായി  സേവനമനുഷ്ഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇര്‍ഫാന്‍ പത്താന്‍.

2007 ൽ ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്ക്‌ വഹിച്ച ഇർഫാൻ 2012 ന് ശേഷം ദേശീയ ടീമിലും കളിച്ചിട്ടില്ല. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം ലഭിച്ച് തിളങ്ങുകയാണെങ്കിൽ അടുത്ത സീസൺ ഐപിഎല്ലിൽ കളിക്കാനും ഇർഫാന് അവസരമൊരുങ്ങും.