ജനിക്കുന്ന കുഞ്ഞുങ്ങളുടെയെല്ലാം പേര് ഇപ്പോള്‍ 'ലിയോ'യാണ്; കുടുംബങ്ങള്‍ക്കിടയിലും മെസി തരംഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2019 04:54 PM  |  

Last Updated: 17th May 2019 04:54 PM  |   A+A-   |  

leo

 

മാഡ്രിഡ്: ഫുട്‌ബോള്‍ താരങ്ങളോടുള്ള ആരാധനയുടെ പല രൂപങ്ങള്‍ നമ്മള്‍ കാണാറുണ്ട്. വര്‍ത്തമാന ഫുട്‌ബോളിലെ ഇതിഹാസ സമാന താരമായി നില്‍ക്കുന്ന ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക് ലോകത്തെമ്പാടും വലിയ ആരാധകരുണ്ട്. 

സ്‌പെയിനില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ രാജ്യമെന്ന ശക്തമായ ആവശ്യവുമായി നില്‍ക്കുന്നവരാണ് കാറ്റലോണിയക്കാര്‍. അവരുടെ അഭിമാനമാണ് ബാഴ്‌സലോണ ക്ലബ്. അര്‍ജന്റീനക്കാരനാണെങ്കിലും ബാഴ്‌സലോണോയുടെ എല്ലാമെല്ലാമായ ലയണല്‍ മെസി കാറ്റലോണിയന്‍ ആരാധകരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടവനാണ്. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ കളിച്ചു വളര്‍ന്ന മെസി 31ാം വയസിലെത്തി നില്‍ക്കുമ്പോള്‍ ടീമിന്റെ നായകനും പ്രധാന താരവും തന്നെ.

മെസിയോടുള്ള കാറ്റലോണിയക്കാരുടെ ആരാധനയുടെ കൗതുകം ജനിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. ലയണല്‍ മെസി എന്നാണ് മുഴുവന്‍ പേരെങ്കിലും 'ലിയോ' എന്നൊരു ചുരുക്കപ്പേരും മെസിക്കുണ്ട്. 'ലിയോ' എന്ന ഈ പേര് കാറ്റലോണിയക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 

ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് 'ലിയോ' എന്ന ഓമന പേര് നല്‍കുന്നത്  വലിയ ട്രെന്‍ഡായി മാറുന്നു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലാ മാസിയ അക്കാദമിയില്‍ മെസി ചേരുന്ന സമയത്ത് 'ലിയോ' എന്ന പേരുള്ള നാല് കുഞ്ഞുങ്ങളായിരുന്നുവെങ്കില്‍ ഇന്നതിന്റെ എണ്ണം 443ആണ്. 'ജോര്‍ദിസ്' എന്ന  പേരിനെ പിന്തള്ളിയാണ് 'ലിയോ' എന്ന പേര് ഇപ്പോള്‍ കാറ്റലോണിയകക്കാര്‍ക്കിടയില്‍ വേരുറപ്പിക്കുന്നത്.