അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം; കേദാർ ജാദവ് ലോകകപ്പ് കളിക്കും; ഫിറ്റ്നസ് വീണ്ടെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 02:49 PM  |  

Last Updated: 18th May 2019 02:49 PM  |   A+A-   |  

kedar

 

മുംബൈ: പരുക്കേറ്റ് പുറത്തിരിക്കുകയായിരുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമം​ഗം കേദാർ ജാദവ് ഫിറ്റ്നസ് വീണ്ടെടുത്തു. അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരമാമിട്ട് താരം ലോകകപ്പ് കളിക്കുമെന്ന് ഉറപ്പായി. ഐപിഎല്ലിനിടെ തോളിനേറ്റ പരുക്കേറ്റതിനെ തുടർന്ന് നേരത്തെ ജാദവ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

കളത്തിലിറങ്ങാൻ താരം പൂർണ ആരോ​​ഗ്യവാനാണെന്ന് തെളിയിക്കുന്ന റിപ്പോർട്ട് ഇന്ത്യൻ ടീം ഫിസിയോ പാട്രിക്ക് ഫർഹർത് ബിസിസിഐക്ക് സമർപ്പിച്ചു. താരത്തിന്റെ ഫിറ്റ്നസ് ടെസ്റ്റുകൾ നടത്തിയാണ് ഫിസിയോ റിപ്പോർട്ട് തയ്യാറാക്കിയത്. ചെന്നൈ‌ സൂപ്പർ കിങ്സ് താരമായ ജാദവ് പരുക്കേറ്റ് ഫർഹർതിന്റെ മേൽനോട്ടത്തിലാണ് ചികിത്സയിലിരുന്നത്. 

ലോകകപ്പിൽ ഇന്ത്യയുടെ നിർണായക താരങ്ങളിലൊരാളാകുമെന്ന് കരുതപ്പെടുന്ന ജാദവ് പരിക്കിൽ നിന്ന് മോചിതനായത് ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. 59 ഏകദിന മത്സരങ്ങളിൽ ഇന്ത്യക്കായി കളിക്കാനിറങ്ങിയ 34കാരനായ താരം 43.50 ശരാശരിയിൽ 1174 റൺസ് നേടിയിട്ടുണ്ട്. 102.50 ആണ് സ്ട്രൈക്ക് റേറ്റ്. 27 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.