വിന്‍ഡീസ് ലോകകപ്പ് ടീമില്‍ പൊള്ളാര്‍ഡ് ? തിരിച്ചുവരവ് സാധ്യതകള്‍ ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 06:07 PM  |  

Last Updated: 18th May 2019 06:07 PM  |   A+A-   |  

Kieron-Pollard

 

ഗയാന: ലോകകപ്പില്‍ എതിര്‍ ടീമുകള്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ പോന്ന ടീം ഏതെന്ന ചോദ്യത്തിന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് വെസ്റ്റിന്‍ഡീസിനെയാണ്. ആരാധകര്‍  ഏറെ ആകാംക്ഷയോടെ നോക്കുന്നതും കരീബിയന്‍ സംഘത്തെ തന്നെ്. ഹാര്‍ഡ് ഹിറ്റര്‍മാരുടെ ഒരു പട തന്നെ ഇത്തവണ അവരുടെ ടീമിലുണ്ട്. 

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ നിറഞ്ഞാടിയ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലും ലോകകപ്പിനെത്തുന്നുണ്ട്. ഇരുവരുമാകട്ടെ മികച്ച ഫോമിലാണ്. ഒപ്പം യുവ താരങ്ങളായ ഹെറ്റ്‌മേയര്‍, നിക്കോളാസ് പൂരന്‍, ഷായ് ഹോപ് തുടങ്ങിയ പ്രതിഭാശാലികളായ ബാറ്റ്‌സ്മാന്‍മാരും. 

അതേസമയം ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഇടം ലഭിക്കാതെ പോയ പ്രമുഖന്‍ വെറ്ററന്‍ താരമായ കെയ്‌റോണ്‍ പൊള്ളാര്‍ഡായിരുന്നു. താരത്തിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. നിലവില്‍ പ്രഖ്യാപിച്ച 15 അംഗ സംഘത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ പകരം പൊള്ളാര്‍ഡിനെ ടീമിലേക്ക് പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

പരുക്കേറ്റ് ഏതെങ്കിലും താരം പുറത്ത് പോയാല്‍ പകരം പൊള്ളാര്‍ഡ് എത്തുന്നത് ടീമിന് വലിയ മുതല്‍ക്കൂട്ടാകും. ഒറ്റയ്ക്ക് കളിയുടെ ഗതി തിരിക്കാന്‍ സാധിക്കുന്ന പൊള്ളാര്‍ഡ് കൂടി ടീമിലെത്തിയാല്‍ പിന്നെ വിന്‍ഡീസ് മറ്റൊരു ലെവലാകുമെന്ന് ആരാധകര്‍.