2023ലെ ലോകകപ്പില്‍ ഞാനുണ്ടാകും; ഈ ഇന്ത്യന്‍ താരവും കളത്തില്‍ വേണം; ആരാധകരെ അമ്പരപ്പിച്ച് ഡിവില്ല്യേഴ്‌സ് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 05:40 PM  |  

Last Updated: 18th May 2019 05:40 PM  |   A+A-   |  

abd

 

ന്യൂഡല്‍ഹി: ഈ ലോകകപ്പിലെ ഏറ്റവും വലിയ നഷ്ടം ആരാണ് എന്ന് ചോദിച്ചാല്‍ അതിനുത്തരം ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ല്യേഴ്‌സാണ്. കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഡിവില്ല്യേഴ്‌സ് നേടിയ സെഞ്ച്വറി അത്ര പെട്ടെന്നൊന്നും ആരാധകര്‍ മറക്കില്ല. 

മികച്ച ഫോമില്‍ നില്‍ക്കെ തന്നെയായിരുന്നു ഡിവില്ല്യേഴ്‌സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ആരാധകരെ ഞെട്ടിച്ച് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ആരാധകരെ അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനവുമായി ഡിവില്ല്യേഴ്‌സ് രംഗത്തെത്തിയതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 2023ല്‍ നടക്കുന്ന ലോകകപ്പില്‍ താന്‍ കളിക്കാനിറങ്ങും എന്നാണ് താരം പറയുന്നത്. ഒരു ചാറ്റ് ഷോക്കിടെയാണ് ഡിവില്ല്യേഴ്‌സിന്റെ പ്രഖ്യാപനം. 

പക്ഷേ തന്റെ തിരിച്ചു വരവ് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഒരു നിബന്ധനയും ഡിവില്ല്യേഴ്‌സ് മുന്നോട്ടു വയ്ക്കുന്നു. മുന്‍ ഇന്ത്യന്‍ നായകനും വെറ്ററന്‍ താരവുമായ മഹേന്ദ്ര സിങ് ധോണിയും 2023ലെ ലോകകപ്പ് കളിക്കണം. ധോണി കളത്തില്‍ തുടരുകയാണെങ്കില്‍ അടുത്ത ലോകകപ്പില്‍ താനും കളിക്കും. 2023ല്‍ തനിക്ക് 39 വയസായിരിക്കുമെന്നും എബിഡി കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ ഡിവില്ല്യേഴ്‌സിന് 35 വയസുണ്ട്. ധോണിക്കാകട്ടെ 37ഉം വയസാണ്. ധോണിയുടെ അവസാന ലോകകപ്പായിരിക്കുമെന്ന് ഏതാണ്ടുറപ്പാണ്.