373/3-361/7, 358/9-359/4, 340/7-341/7...ലോകകപ്പില്‍ കളി എങ്ങനെയാവുമെന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 05:46 AM  |  

Last Updated: 18th May 2019 05:46 AM  |   A+A-   |  

pakistan65

ലോകകപ്പില്‍ പിച്ചില്‍ എന്ത് വിസ്മയം ഒളിപ്പിച്ചായിരിക്കും ഇംഗ്ലണ്ട് കാത്തിരിക്കുന്നുണ്ടാവുക? ക്രിക്കറ്റ് പ്രേമികള്‍ക്ക് ആകാംക്ഷ നല്‍കുന്ന ചോദ്യമാണ് ഇത്. അതിനുള്ള ഉത്തരത്തിന്റെ സൂചന നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-പാകിസ്താന്‍ പരമ്പര ശ്രദ്ധിച്ചാല്‍ ലഭിക്കും...അവിടെ റണ്‍സ് ഒഴുകുകയാണ്.

പരമ്പരയിലെ മൂന്ന് ഏകദിനങ്ങള്‍ പിന്നിടുമ്പോള്‍ മൂന്നിലും രണ്ട് ടീമും 300ന് മുകളില്‍ സ്‌കോര്‍ എത്തിച്ചു. കാലവാസ്ഥ വില്ലനായപ്പോള്‍ ആദ്യ ഏകദിനം ഉപേക്ഷിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കണ്ടെത്തിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ്. ചെയ്‌സ് ചെയ്ത് ഇറങ്ങിയ പാകിസ്താന് 361 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു. എങ്കിലും 12 റണ്‍സ് മാര്‍ജിനിലെ തോല്‍വി മാത്രം. 

മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ സ്‌കോര്‍ 358ല്‍ എത്തിച്ചു. ഇംഗ്ലണ്ടാവട്ടെ 44.5 ഓവര്‍ മാത്രം കൊണ്ട് ആ വിജയ ലക്ഷ്യം മറികടന്നു. നാലാം ഏകദിനത്തിലും ഇരു ടീമും സ്‌കോര്‍ 300 കടത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 340 റണ്‍സ്. ഇംഗ്ലണ്ട് മൂന്ന് പന്ത് ശേഷിക്കെ ജയം പിടിച്ചു. 

മൂന്ന് കളിയിലുമായി പാകിസ്താന്‍ സ്‌കോര്‍ ചെയ്തത് 1059 റണ്‍സ്. ഓരോ കളിയിലും ടീമിലെ ഓരോ താരം വീതം സെഞ്ചുറി നേടുന്നു. റണ്‍സ് കണ്ടെത്താന്‍ ബാറ്റ്‌സ്മാന്മാര്‍ ആരും ബുദ്ധിമുട്ടനുഭവിക്കാത്ത സാഹചര്യം. ലോകകപ്പില്‍ വലിയ സ്‌കോര്‍ പിറക്കുന്ന മത്സരങ്ങളാവും നമുക്ക് മുന്നിലേക്ക് എത്തുക എന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍ ശരിയാകുമെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.