ഇവിടെ ഹര്‍ഭജന്‍ പറയുന്നത് കേള്‍ക്കണം ധോനിയെ കുറിച്ച്, അത് ലോകകപ്പില്‍ ഗുണം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 05:49 AM  |  

Last Updated: 18th May 2019 05:49 AM  |   A+A-   |  

578715-harbhajan-singh-ms-dhoni

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനുള്ള ലൈസന്‍സ് ലോകകപ്പില്‍ ധോനിക്ക് ടീം മാനേജ്‌മെന്റ് നല്‍കണം എന്ന് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. സിക്‌സുകള്‍ യഥേഷ്ടം പറത്താനുള്ള ധോനിയുടെ കഴിവിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. തുടക്കം മുതല്‍ തകര്‍ത്ത് കളിക്കുമ്പോഴാണ് ധോനി തന്റെ മികവിലേക്ക് എത്തുന്നത് എന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

തുടക്കം മുതല്‍ തകര്‍ത്ത് കളിക്കുന്നതാണ് ധോനിയുടെ മികച്ച ഇന്നിങ്‌സുകളില്‍ പലതിലും കാണുന്നത്. ധോനിക്കും ഹര്‍ദിക്കിനും ലോകകപ്പില്‍ അവര്‍ ഇഷ്ടപ്പെടുന്നത് പോലെ ബാറ്റ് ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുകയാണ് ടീം മാനേജ്‌മെന്റ് ചെയ്യേണ്ടത്. ഒരു നിയന്ത്രണവും ഉണ്ടാവരുത്. രോഹിത്തും, ധവാനും, കോഹ് ലിയും രാഹുലും ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തണം. അപ്പോള്‍ ധോനിക്ക് സ്വതന്ത്രമായി കളിക്കാനുള്ള സാഹചര്യം വരുമെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാണിക്കുന്നു. 

ഏത് സ്പിന്നറുടേയും രണ്ടാം പന്തില്‍ തന്നെ സിക്‌സ് പറത്തുന്ന, അതും കൂറ്റന്‍ സിക്‌സ് പറത്തുന്ന കളിക്കാരനായിരുന്നു പഴയ ധോനി. ധോനിക്കത് ഇപ്പോഴും ചെയ്യാനാവും. ചെന്നൈയിലെ ബാറ്റിങ് നെറ്റ്‌സില്‍ ഞാനത് കണ്ടിട്ടുണ്ട്. ഒരു രക്ഷയുമില്ലാത്ത കൂറ്റന്‍ സിക്‌സുകള്‍ ധോനി ഇപ്പോഴും അടിക്കും. എങ്ങനെയാണ് ഒരു ബൗളറുടെ ചിന്ത പോവുന്നത് എന്ന് ഞാന്‍ പറയാം. ഞാന്‍ കെവിന്‍ പീറ്റേഴ്‌സനും, ഇയാന്‍ ബെല്ലിനും ബൗള്‍ ചെയ്യുകയാണെന്ന് കരുതുക. 

പീറ്റേഴ്‌സന് ബൗള്‍ ചെയ്യുമ്പോഴാവും എനിക്ക് ആശങ്ക. ചില ഡോട്ട് ബോളുകള്‍ എനിക്ക് പിറ്റേഴ്‌സന് എറിയാനായേക്കും. പക്ഷേ തച്ചുതകര്‍ക്കാനുള്ള ശേഷി പീറ്റേഴ്‌സനുണ്ട്. ബെല്‍ ആണെങ്കില്‍ ആ സ്ഥാനത്ത് സിംഗിളുകള്‍ക്കാവും പ്രാധാന്യം നല്‍കുക. പീറ്റേഴ്‌സനെ പോലെയാണ് ധോനി. ബൗളര്‍മാരുടെ ധൈര്യം കളയാന്‍ ധോനിക്കാവുമെന്നും ഭാജി പറയുന്നു.