കളത്തിന് പുറത്തും വിരാട് കോഹ്‌ലിക്ക് റെക്കോര്‍ഡ്; ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്രിക്കറ്റ് താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 03:13 PM  |  

Last Updated: 18th May 2019 03:13 PM  |   A+A-   |  

f0546-15581656448363-800

 

മുംബൈ: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികവുറ്റ താരമാര് എന്ന ചോദ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്ന് കണ്ണടച്ച് ഉത്തരം പറയാന്‍ സാധിക്കും. കളിയുടെ മൂന്ന് വിഭാഗത്തിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നു എന്നതാണ് കോഹ്‌ലിയെ സമകാലികരില്‍ നിന്ന് വ്യത്യസ്തനായി നിര്‍ത്തുന്ന മുഖ്യ ഘടകം. ഓരോ തവണ ബാറ്റിങിനിറങ്ങുമ്പോള്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കുക എന്നതും കോഹ്‌ലിയുടെ ശീലമാണ്. 

ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റനെ തേടിയെത്തിയിരിക്കുന്നു. എല്ലാ സാമൂഹിക മാധ്യമങ്ങളിലും കൂടെ കോഹ്‌ലിയെ പിന്തുടരുന്ന ആളുകളുടെ എണ്ണം 100 മില്ല്യണ്‍ ആയി മാറിയിരിക്കുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി ഇപ്പോള്‍ നേടിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ക്രിക്കറ്റ് താരങ്ങളില്‍ കോഹ്‌ലി നേരത്തെ തന്നെ മുന്‍പന്തിയിലുണ്ട്. 

ഫെയ്‌സ്ബുക്കില്‍ 37 മില്ല്യണ്‍ ആളുകളും ഇന്‍സ്റ്റഗ്രാമില്‍ 33.5 മില്ല്യണ്‍ ആളുകളും ട്വിറ്ററില്‍ 29.4 മില്ല്യണ്‍ ആളുകളുമാണ് കോഹ്‌ലിയെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഫോളോവേഴ്‌സ് കൂടുതലുള്ള ക്രിക്കറ്റ് താരങ്ങള
ില്‍ രണ്ടാമത്. 14.7 മില്ല്യണ്‍ ആളുകളാണ് സച്ചിനെ പിന്തുടരുന്നത്. ധോണിയാണ് മൂന്നാമത് 13 മില്ല്യണ്‍ ആളുകളാണ് ധോണിയുടെ ഫോളോവേഴ്‌സ്. 

ഫുട്‌ബോള്‍ പോലെയോ ടെന്നീസ് പോലെയോ ആഗോള തലത്തില്‍ ക്രിക്കറ്റിന് വലിയ പ്രചാരമില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന ക്രിക്കറ്റ് താരങ്ങളില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയുമാണ് മുന്നില്‍ നില്‍ക്കുന്നത്. 

കോഹ്‌ലി സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ്. ആരാധകരുടെ പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കാനും നന്ദി പറയാനുമൊക്കെ അദ്ദേഹം സമയം കണ്ടെത്തുന്നു. 

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കായിക താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പോര്‍ച്ചുഗല്‍ നായകനും യുവന്റസ് താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 77 മില്ല്യണ്‍ ഫോളോവേഴ്‌സാണ് റൊണാള്‍ഡോയ്ക്കുള്ളത്. 43 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ബ്രസീലിന്റെ പിഎസ്ജി താരം നെയ്മറാണ് രണ്ടാം സ്ഥാനത്ത്.

ഫെയ്‌സ്ബുക്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരം. 122 മില്ല്യണ്‍ ആളുകളാണ് യുവന്റസ് സൂപ്പര്‍ താരത്തെ പിന്തുടരുന്നത്. 89 മില്ല്യണ്‍ ഫോളോവേഴ്‌സുമായി അര്‍ജന്റീന നായകനും ബാഴ്‌സലോണ ഇതിഹാസവുമായ മെസിയാണ് രണ്ടാമത്. 60 മില്ല്യണ്‍ പിന്തുടര്‍ച്ചക്കാരുമായി നെയ്മര്‍ മൂന്നാമത് നില്‍ക്കുന്നു. 

ഇന്‍സ്റ്റഗ്രാമിലും റൊണാള്‍ഡോയാണ് മുന്നേറുന്നത്. 166 മില്ല്യണ്‍ ഫോളോവേഴ്‌സ്. 119 മില്ല്യണ്‍ ആളുകളുമായി മെസിയും 116 മില്ല്യണ്‍ ഫോളോഴവേഴ്‌സുമായി നെയ്മറും തൊട്ടുപിന്നാലെ.