പിരിമുറുക്കം, ആകാംക്ഷ; ടീം പ്രഖ്യാപനം കാണുന്ന ബ്രസീല്‍ താരത്തിന്റെ വൈകാരിക നിമിഷങ്ങള്‍; ടീമിലുള്‍പ്പെട്ടപ്പോള്‍ ആഹ്ലാദം, ആരവം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 04:21 PM  |  

Last Updated: 18th May 2019 04:21 PM  |   A+A-   |  

richarlison

 

റിയോ ഡി ജനീറോ: അടുത്ത മാസം നടക്കുന്ന ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പോരാട്ടമായ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങളിലാണ് ടീമുകള്‍. കഴിഞ്ഞ ദിവസം അര്‍ജന്റീനയുടെ പ്രാഥമിക സംഘത്തെ കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആതിഥേയരായ ബ്രസീല്‍ 23 അംഗ സംഘത്തേയും പ്രഖ്യാപിച്ചു. 

മാഴ്‌സലോയടക്കം എട്ടോളം പ്രമുഖരില്ലാതെയാണ് കോച്ച് ടിറ്റെ ടീമിനെ തിരഞ്ഞെടുത്തത്. ഒപ്പം ലിവര്‍പൂളിന്റെ ഫാബിഞ്ഞോ റയല്‍ താരം വിനിഷ്യസ് ജൂനിയര്‍ എന്നിവരുടെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു. 

ഇപ്പോഴിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പട്ടതിന്റെ ആഹ്ലാദം വീട്ടിലിരുന്ന് പങ്കിടുന്ന എവര്‍ട്ടന്‍ താരം റിച്ചാര്‍ലിസണിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുകയാണ്. റിച്ചാര്‍ലിസണ്‍ തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ടെലിവിഷന് മുന്നിലിരുന്ന് ബ്രസീലിന്റെ കോപ്പ അമേരിക്ക ടീം പ്രഖ്യാപനം കേട്ടുകൊണ്ടിരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയത്. 

കുടുംബാഗങ്ങള്‍ക്കൊപ്പം നിലത്തിരുന്നു ടീം പ്രഖ്യാപനം കണ്ടുകൊണ്ടിരിക്കെ താരത്തിന്റെ മുഖത്ത് പിരിമുറക്കം ദൃശ്യമായിരുന്നു. പിന്നീട് തന്റെ പേരും ഉള്‍പ്പെട്ടതറിഞ്ഞതോടെ ഇരുന്ന സ്ഥലത്ത് നിന്ന് ചാടി എഴുന്നേറ്റ് താരം കുടുംബാങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ടു. കുടുംബാഗങ്ങളെ ആലിംഗനം ചെയ്ത് റിച്ചാര്‍ലിസണ്‍ സന്തോഷം പങ്കിടുന്നത് വീഡിയോയില്‍ കാണാം. ചുറ്റുമുള്ളവര്‍ ആഹ്ലാദാരവം മുഴക്കുന്നതും വീഡിയോയിലുണ്ട്.