ലോകകപ്പ് ക്രിക്കറ്റ്; ഈ ചാനലുകളില്‍ മത്സരങ്ങള്‍ തത്സമയം കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 04:55 PM  |  

Last Updated: 18th May 2019 04:57 PM  |   A+A-   |  

GettyImages-992950518

 

ലണ്ടന്‍: ക്രിക്കറ്റ് ലോകം ഏകദിന ലോകകപ്പിന്റെ ആരവങ്ങളിലാണ്. ഈ മാസം 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ലോക പോരാട്ടത്തിന്റെ 12ാം അധ്യായമാണ് അരങ്ങേറാനിരിക്കുന്നത്. പ്രവചനങ്ങളും കണക്കുകൂട്ടലുകളും അപ്രസക്തമാക്കുന്നു എന്നതാണ് ഇത്തവണത്തെ ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷത. കാരണം പത്ത് ടീമുകളും അത്ര ശക്തം. 

2011, 2015 ലോകകപ്പുകളെ അപേക്ഷിച്ച് ടൂര്‍ണമെന്റ് ഫോര്‍മാറ്റ് 1992ലേതിന് സമാനമാണ്. പത്ത് ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഏറ്റവും മികച്ച നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഈ മാസം 30ന് ഉദ്ഘാടന മത്സരവും ജൂലൈ 14ന് ഫൈനലും നടക്കും. 

മത്സരങ്ങള്‍ നേരിട്ട് കാണാന്‍ കഴിയാത്തവര്‍ക്ക് പ്രധാന ആശ്രയം ടെലിവിഷനും മൊബൈല്‍ ഫോണുകളും മറ്റുമാണ്. ടിവിയില്‍ ഏത് ചാനലിലാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് എന്നത് ആരാധകരെ സംബന്ധിച്ച് അറിയാന്‍ ആകാംക്ഷയുള്ള വിഷയമാണ്. 

ഐസിസിയുടെ 2023 വരെയുള്ള എല്ലാ മത്സരങ്ങളും ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത് സ്റ്റാര്‍ ഗ്രൂപ്പാണ്. ഇന്ത്യക്കാര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന്, ഒന്ന് എച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ട്, രണ്ട് എച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്ന്, മൂന്ന് എച്ഡി ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഒപ്പം തന്നെ ദൂരദര്‍ശനിലും മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഹോട്‌സ്റ്റാറിലും ആരാധകര്‍ക്ക് പോരാട്ടങ്ങള്‍ തത്സമയം കാണാന്‍ അവസരമുണ്ട്. 

ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കും ആറ് മണിക്കുമാണ്.