ശ്രമിച്ചത് ലേറ്റ് കട്ടിന്, നാണംകെട്ട് ഹിറ്റ് വിക്കറ്റായി ശുഐബ് മാലിക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 05:38 AM  |  

Last Updated: 18th May 2019 05:38 AM  |   A+A-   |  

SHOIB_MA

ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങള്‍ പിന്നിടുമ്പോഴും പാകിസ്താന് ഒരു ജയം പിടിക്കാനായിട്ടില്ല. പക്ഷേ തോല്‍വിയിലേക്ക് വീഴുമ്പോഴും തങ്ങളുടെ ബാറ്റിങ് കരുത്ത് ലോകത്തിന് മുന്നില്‍ കാട്ടിയാണ് പാകിസ്താന്റെ പോക്ക്. പാക് ബാറ്റിങ് നിര കരുത്ത് കാട്ടുന്നതിന് ഇടയില്‍, പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തിയ പാക് മുന്‍ നായകന്‍ ശുഐബ് മാലിക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് താരത്തിനും ടീമിനും നാണക്കേടുണ്ടാക്കിയത്. 

ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഫകര്‍ സമന്‍ എന്നിവരുടെ മികച്ച ഇന്നിങ്‌സിന് പിന്നാലെ അടിച്ചു തകര്‍ത്ത് കളിക്കുകയായിരുന്നു മാലിക്ക്. എന്നാല്‍ 47ാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ ഡെലിവറിയില്‍ ലേറ്റ് കട്ടിന് ശ്രമിച്ച മാലിക്കിന് പിഴച്ചു. പന്ത് ഹിറ്റ് ചെയ്യുന്നതിന് പകരം, സ്റ്റംപാണ് മാലിക് തന്റെ ബാറ്റുകൊണ്ട് ഇളക്കിയത്. 26 പന്തില്‍ 41 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു മാലിക്കിന് ഹിറ്റ് വിക്കറ്റായി ക്രീസ് വിടേണ്ടി വന്നു. 

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താനെ വേണ്ടി ഫഖര്‍ സമനും, ബാബര്‍ അസമും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് പരിക്കേറ്റ് ക്രീസ് വിട്ടിരുന്നു. 112 പന്തില്‍ നിന്നും ബാബര്‍ അസം 115 റണ്‍സും, ഫഖര്‍ 57 റണ്‍സും നേടി. 50 ഓവറില്‍ 340 റണ്‍സ് കണ്ടെത്താനായെങ്കിലും ഇംഗ്ലണ്ട് ജാസന്‍ റോയിയുടേയും ബെന്‍ സ്‌റ്റോക്കിന്റേയും തകര്‍പ്പന്‍ കളിയുടെ ബലത്തില്‍ ജയം പിടിച്ചു. 89 പന്തിലാണ് റോയ് 114 റണ്‍സ് അടിച്ചു കൂട്ടിയത്. ബെന്‍ സ്‌റ്റോക്ക് 64 പന്തില്‍ നിന്ന് 71 റണ്‍സ് നേടി.