അവസാന പോരിൽ സ്വന്തം തട്ടകത്തിൽ നാണംകെട്ട് റയൽ മാഡ്രിഡ്; സ്പാനിഷ് കരുത്തരുടെ സമീപ കാലത്തെ ഏറ്റവും മോശം സീസണിന് തിരശ്ശീല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2019 06:12 PM  |  

Last Updated: 19th May 2019 06:14 PM  |   A+A-   |  

15582665945918

 

മാ‍‍ഡ്രിഡ്: ഇതുപോലൊരു സീസൺ സമീപ കാലത്തൊന്നും റയൽ മാഡ്രിഡിനുണ്ടായിട്ടില്ല. സ്വന്തം ​ഗ്രൗണ്ടിൽ സ്പാനിഷ് ലാ ലി​ഗ ഈ സീസണിലെ അവസാന മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡ് റയൽ ബെറ്റിസിനോട് പരാജയം ഏറ്റുവാങ്ങി. മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് റയലിന്റെ നാണംകെട്ട തോൽവി. സമീപ കാലത്തെ ഏറ്റവും മോശം സീസണിനാണ് റയൽ തിരശീലയിട്ടത്.

റയലിന്റെ മൈതാനമായ സാന്റിയോ​ഗ ബെർണബുവിൽ രണ്ടാം പകുതിയിലാണ് ആതിഥേയരുടെ ഹൃദയം തകർത്ത ബെറ്റിസ് ​ഗോളുകൾ. 61ാം മിനുട്ടിൽ ലോറൻ മൊറോണും 75ാം മിനുട്ടിൽ ജെസെയുമാണ് ബെറ്റിസിനായി ​ഗോളുകൾ നേടിയത്. തോൽവിയോടെ റയൽ ഈ സീസണിലും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാഴ്സലോണ കിരീടം സ്വന്തമാക്കിയപ്പോൾ അത്‌ലറ്റിക്കോ മഡ്രിഡ് രണ്ടാമതുമാണ്

68 പോയിന്റുകൾ മാത്രമാണ് ഇക്കുറി റയലിന് നേടാനായത്. 2001- 02 സീസണിലാണ് ഇതിനുമുമ്പ് റയലിന് എഴുപത് പോയിന്റേ നേടാനാകാതെ വന്നത്. ഈ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിലാണ് റയൽ തോൽവിയറിഞ്ഞത്. 

പരിശീലകർ മാറി മാറിയെത്തിയതും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം മാറ്റവുമടക്കം നിരവധി വിഷയങ്ങൾ ടീമിനെ ഇത്തവണ ബാധിച്ചു. ടീമിന് ഹാട്രിക്ക് ചാമ്പ്യൻസ് ലീ​ഗ് കിരീടം സമ്മാനിച്ച സിനദിൻ സിദാൻ തിരിച്ചെത്തിയത് അവർക്ക് ആശ്വാസമാകുന്ന ഘടകമാണ്. ട്രാൻസ്ഫർ വിപണിയിൽ കാര്യമായ ഇടപെടൽ നടത്തി ടീം അടുത്ത സീസണിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.