ഞാന്‍ സ്വവര്‍ഗാനുരാഗി; നാട്ടുകാരിയുമായി വര്‍ഷങ്ങളായി പ്രണയത്തില്‍: തുറന്നുപറഞ്ഞ് ദ്യുതി ചന്ദ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 19th May 2019 10:58 AM  |  

Last Updated: 19th May 2019 10:58 AM  |   A+A-   |  

 

താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ് അത്‌ലറ്റ് ദ്യുതി ചന്ദ്. സ്വന്തം നാട്ടുകാരിയായ സുഹൃത്തുമായി വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും എന്നാല്‍ പ്രണയിനിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനില്ലെന്നും ഒഡീഷ സ്വദേശിയായ ദ്യുതി പറയുന്നു. ടോക്കിയോ ഒളിംപിക്‌സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ദ്യുതി. 

'ഞാനെന്റെ പ്രണയത്തെ കണ്ടെത്തി. ആരോടോപ്പമാണ് ജീവിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. സ്വവര്‍ഗാനുരാഗത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. അത് ാെരു വ്യക്തിയുടെ തീരുമാനമാണ്. ഇപ്പോള്‍ ഞാന്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പിന്റെയും ഒളിംപിക്‌സിന്റെയും തിരക്കിലാണ്. അതിന് ശേഷം ഞാനവളുമായി ജീവിതമാരംഭിക്കും'-  ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ ദ്യുതി പറഞ്ഞു. 

എല്‍ജിബിറ്റി കമ്മ്യൂണിറ്റിക്ക് വേണ്ടി ശ്ബദമുയര്‍ത്താന്‍ തനിക്ക് ധൈര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രണയത്തെക്കാള്‍ മഹത്തരമായ മറ്റൊരു വികാരവുമില്ല. അതിനെ തടയാന്‍ സാധിക്കില്ല. സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന നിയമം സുപ്രീംകോടതി തന്നെ എടുത്തു കളഞ്ഞിട്ടുണ്ട്. ഞാനാര്‍ക്കൊപ്പമാണ് ജീവിക്കുക എന്ന എന്റെ തീരുമാനത്തെ ഒരു അത്‌ലറ്റ് എന്ന നിലയില്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.