'നിങ്ങള്‍ക്കിപ്പോഴും മുഹമ്മദ് സല തന്നെ പ്രധാനം; ഞങ്ങള്‍ ഹാട്രിക്ക് കിരീടം നേടിയതൊന്നും കാണില്ല'-  മാധ്യമങ്ങളെ തെറി വിളിച്ച് സിറ്റി ആരാധകന്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2019 03:56 PM  |  

Last Updated: 19th May 2019 03:56 PM  |   A+A-   |  

mos

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് ലീഗ് കപ്പ്, ഇംഗ്ലീഷ് എഫ്എ കപ്പ് കിരീടങ്ങള്‍ നേടി മാഞ്ചസ്റ്റര്‍ സിറ്റി ഡൊമസ്റ്റിക് ഹാട്രിക്കോടെ സീസണ്‍ അവിസ്മരണീയമാക്കി. ഡൊമസ്റ്റിക് ട്രിപ്പിള്‍ കിരീടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് ടീമെന്ന റെക്കോര്‍ഡും അവര്‍ നേടി. 

എഫ്എ കപ്പ് ഫൈനലില്‍ കഴിഞ്ഞ ദിവസം വാട്‌ഫോര്‍ഡുമായി ഏറ്റുമുട്ടിയാണ് സിറ്റി കിരീടം പിടിച്ചെടുത്തത്. കിരീട നേട്ടത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒരു ആരാധകന്‍ മാധ്യമങ്ങളെ തെറി വിളിച്ചത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകര്‍ രംഗത്തെത്തി. 

വെംബ്ലി സ്റ്റേഡിയത്തിലെ പ്രസ് ബോക്‌സില്‍ വച്ചാണ് ഇയാള്‍ ചീത്ത വിളി നടത്തുന്നത്. സിറ്റിയുടെ ഹാട്രിക്ക് കിരീട നേട്ടത്തിന് മാധ്യമങ്ങള്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നും ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും പറഞ്ഞായിരുന്നു ഇയാളുടെ പ്രതികരണം. പിന്നീട് സുരക്ഷാ ജീവനക്കാരെത്തി ഇയാളെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. 

തങ്ങള്‍ ഡൊമസ്റ്റിക് ട്രിപ്പിള്‍ തികച്ചതായും ഇതുവരെ ഇങ്ങനെയൊരു നേട്ടം ആരും സ്വന്തമാക്കിയിട്ടില്ലെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഇതൊന്നും മാധ്യമങ്ങള്‍ കാണില്ല. നാളെയിറങ്ങുന്ന നിങ്ങളുടെ പത്ര പേജുകളില്‍ മുഹമ്മദ് സലയെ കുറിച്ചാവും ഉണ്ടാവുകയെന്നും ഇയാള്‍ ആവലാതി പറയുന്നു. അശ്ലീല പദങ്ങളുപയോഗിച്ചാണ് ആരാധകന്റെ ചീത്തവിളി. സുരക്ഷാ ജീവനക്കാരെത്തി ഇയാളെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം.