പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കൂ, നല്ല മനസോടെ ഇം​ഗ്ലണ്ടിലേക്ക് പറക്കൂ; തന്ത്രപരമായ നീക്കവുമായി ബിസിസിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2019 04:21 PM  |  

Last Updated: 19th May 2019 04:21 PM  |   A+A-   |  

virat-2

 

മുംബൈ: ഏകദിന ലോകകപ്പിനായി മെയ് 22ന് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ടൂർണമെന്റിൽ പ‌ങ്കെടുക്കുന്ന ടീമുകളെല്ലാം ഇതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇന്ത്യൻ ടീമാകട്ടെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്നത്‌. ലോകകപ്പി‌ന് മുൻപ് പരിശീലന ക്യാമ്പ് വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതും ശ്രദ്ധേയമായിരുന്നു. 

ഒന്നര മാസക്കാലം നീണ്ടുനിന്ന ഐപിഎല്ലിന്‍റെ ക്ഷീണത്തിലാണ് താരങ്ങള്‍. ലോകകപ്പ് സ്‌ക്വാഡിലെ മിക്ക താരങ്ങളും 14 മത്സരങ്ങള്‍ വീതം കളിച്ചു. എം എസ് ധോണി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ ഫൈനല്‍ വരെയും കളിച്ചു. അതിനാല്‍ ലോകകപ്പിന് മുന്‍പ് പ്രത്യേക ടീം ക്യാമ്പൊന്നും ഇന്ത്യന്‍ താരങ്ങള്‍ക്കില്ല. ഐപിഎല്‍ കഴിഞ്ഞ് താരങ്ങള്‍ ക്ഷീണിച്ചതിനാല്‍ ലോകകപ്പിന് മുന്‍പ് ടീം ക്യാമ്പ് നടത്തുന്നത് അനുചിതമാകും എന്നാണ് മാനേജ്‌മെന്‍റിന്‍റെ കാഴ്‌ചപ്പാട്.

അതേസമയം 22ന് ടീം ഇം​ഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്നോടിയായി തലേദിവസം, അതായത് മെയ് 21ന് ഇന്ത്യന്‍ ടീമിന്‍റെ നിര്‍ണായക കൂടിക്കാഴ്‌ച മുംബൈയില്‍ നടത്താൻ അധികൃ‍തർ തീരുമാനിച്ചിട്ടുണ്ട്. ഐപിഎല്ലിന് ശേഷം പരിശീലനത്തിനിറങ്ങാതെ ആവശ്യത്തിന് വിശ്രമമെടുക്കാ‌ൻ ടീം അംഗങ്ങൾക്ക് അനുവാദം നൽകിയ മാനേജ്മെന്റ്, തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാനും, നല്ല‌ മനസോടെ തിരിച്ചെത്താനുമാണ് താരങ്ങൾക്ക് ഉപദേശം നൽകിയത്. 

ഇതോടെ വീണുകിട്ടിയ ചെറിയ അവധിക്കാലം ആഘോഷിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ കുടുംബസമേതം മാലെ ദ്വീപിലേക്ക് പോയി. നായകന്‍ വിരാട് കോലിയും സ്ഥലത്തില്ല. ഗോവയില്‍ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. ഞായറാഴ്‌ചയോടെ എല്ലാവരും തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോകകപ്പിനായി ഇന്ത്യ യാത്ര തിരിക്കുന്നതിന് മുൻപ് ചെറിയൊരു മുന്നൊരുക്ക ക്യാമ്പ് ടീമിനായി നടത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു‌. എന്നാൽ ഐപിഎൽ കളിച്ച് താരങ്ങൾ ക്ഷീണിതരാണെന്നതിനാൽ ആ ക്യാമ്പ് ബിസിസിഐ വേണ്ടെന്ന് വച്ചത് വലിയ വിവാദമായെങ്കിലും ബിസിസിഐ അതിന് ചെവി കൊടുത്ത മട്ടില്ല.