ബട്‌ലറും ബെയര്‍സ്‌റ്റോയും റോയിയും ഫോമിലാണ്; പ്രതീക്ഷയോടെ ഇംഗ്ലണ്ട്; ലോക കിരീടം ഇത്തവണയെങ്കിലും തറവാട്ടിലെത്തുമോ?

ഇത്തവണ സ്വന്തം നാട്ടില്‍ ലോകകപ്പ് വിരുന്നെത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇം​ഗ്ലണ്ടിന് ആശ്വാസം നല്‍കില്ല
ബട്‌ലറും ബെയര്‍സ്‌റ്റോയും റോയിയും ഫോമിലാണ്; പ്രതീക്ഷയോടെ ഇംഗ്ലണ്ട്; ലോക കിരീടം ഇത്തവണയെങ്കിലും തറവാട്ടിലെത്തുമോ?

ക്രിക്കറ്റിന്റെ തറവാടാണ് ഇംഗ്ലണ്ട്. പക്ഷേ ഇന്നുവരെ അവര്‍ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടില്ല. 2010ല്‍ ടി20 ലോകകപ്പ് നേടിയതാണ് ഇംഗ്ലണ്ട് ടീമിന്റെ ഏറ്റവും വലിയ നേട്ടം. ഇത്തവണ സ്വന്തം നാട്ടില്‍ ലോകകപ്പ് വിരുന്നെത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ആശ്വാസം നല്‍കില്ല. 

1975ല്‍ ലോകകപ്പ് ആരംഭിച്ച ശേഷം എല്ലാ ടൂര്‍ണമെന്റിലും അവര്‍ കളിച്ചു. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ലോക കിരീടം മാത്രം അവര്‍ക്ക് കനിഞ്ഞില്ല. 

നിലവില്‍ ഏകദിനത്തിലെ ഒന്നാം റാങ്കുകാരാണ് ഇംഗ്ലണ്ട്. 2015ലെ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ശേഷം വന്‍ തിരിച്ചു വരവാണ് ടീം നടത്തിയത്. നിലവില്‍ അവര്‍ പ്രകടിപ്പിക്കുന്ന മികവും സമീപ കാലത്തെ പ്രകടനങ്ങളും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കവം അവരെ കപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ മുന്‍പില്‍ നിര്‍ത്തുന്നു. 

ബാറ്റിങ് വൈവിധ്യം കരുത്ത്

നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന് പാകപ്പെട്ട കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇംഗ്ലീഷ് ടീമിന്റെ കരുത്ത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറാണ് ടീമിന്റെ ബാറ്റിങ് നിരയുടെ കുന്തമുന. ഒപ്പം ഓപണര്‍ ജോണി ബെയര്‍സ്‌റ്റോയും. ഇരുവരും ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മിന്നും ഫോമിലായിരുന്നു. പിന്നാലെ നടന്ന പാക്കിസ്ഥാനെതിരായ ഏകദിന പോരാട്ടത്തിന്റെ രണ്ടാം മത്സരത്തില്‍ ബട്‌ലര്‍ വെറും 55 പന്തില്‍ 110 റണ്‍സ് അടിച്ചെടുത്തതും ശ്രദ്ധേയമാണ്. ഒന്‍പത് സിക്‌സും ആറ് ഫോറും സഹിതമായി ബട്‌ലറുടെ വെടിക്കെട്ട്.

ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം ജാസന്‍ റോയിയാണ് ഇംഗ്ലണ്ടിനായി ഓപണ്‍ ചെയ്യുന്നത്. മികച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ജാസന്‍ റോയ് രണ്ട് സെഞ്ച്വറികള്‍ നേടി ഫോം തെളിയിച്ചും കഴിഞ്ഞു. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍, ടെസ്റ്റ് നായകന്‍ ജോ റൂട്ട്, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ് എന്നിവരടങ്ങിയ ഓള്‍ റൗണ്ടര്‍മാരും ടീമിന് കരുത്താകുന്നു. 

ക്ഷീണമാകുമോ പേസര്‍മാര്‍

ഇംഗ്ലണ്ടിന് അല്‍പ്പം വേവലാതി നല്‍കുന്നത് ടീമിന്റെ പേസ് അറ്റാക്കാണ്. ക്രിസ് വോക്‌സും ഡേവിഡ് വില്ലിയുമാണ് ടീമിലെ പേസര്‍മാര്‍. ഇരുവരും വേഗവും വൈവിധ്യവും പുലര്‍ത്തുന്നവരാണ്. എന്നാല്‍ സമീപ കാലത്ത് ഇരുവര്‍ക്കും മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ലിയാം പ്ലങ്കറ്റും, ടോം കറനും ഇവര്‍ക്കൊപ്പമുണ്ട്. ഇംഗ്ലണ്ടിലെ ഫഌറ്റ് പിച്ചില്‍ പേസര്‍മാര്‍ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. പരിചയ സമ്പന്നനായ ക്രിസ് വോക്‌സ് വേണ്ട സമയത്ത് മികവ് പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവരാണ് സ്പിന്‍ ബൗളിങുമായി ടീമിനൊപ്പമുള്ളത്. ഇരുവരുടേയും ബുദ്ധിപരമായ ബൗളിങ് ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം. 

സുവര്‍ണാവസരം

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ലോകകപ്പ് കിരീട നേട്ടത്തിന് ഇതിലും മികച്ച അവസരം ലഭിക്കാനിടയില്ല. പ്രതിഭകളുടെ കൂട്ടമാണ് അവര്‍. മുന്‍ ഇംഗ്ലണ്ട് ഇതിഹാസം മൈക്ക് ഗാറ്റിങും ഈ നിരീക്ഷണമാണ് മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം നാട്ടിലെ കലാവസ്ഥയും ടീം സമീപ കാലത്ത് പുലര്‍ത്തുന്ന സ്ഥിരതയും ഗുണകരമാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കിടുന്നു.

ഇംഗ്ലണ്ട് ടീം: ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജാസന്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക് വുഡ്, അലക്‌സ് ഹെയ്ല്‍സ്, ടോം കറന്‍, ജോ ഡെന്‍ലി, ഡേവിഡ് വില്ലി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com