വമ്പൻ സർപ്രൈസ്; പൊള്ളാർഡിന് പിന്നാലെ, വിരമിച്ച സൂപ്പർ ഓൾ റൗണ്ടർ വിൻഡീസിന്റെ ലോകകപ്പ് റസർവ് ടീമിൽ !

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2019 02:49 PM  |  

Last Updated: 19th May 2019 02:49 PM  |   A+A-   |  

143731

 

സതാംപ്ടൻ: ലോകകപ്പിനായുള്ള വെസ്റ്റിൻഡീസ് ടീമിൽ കെയ്റോൺ പൊള്ളാർഡിനെ ഉൾപ്പെടുത്താതിരുന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർ‍ഡ് പൊള്ളാർഡിന്റെ തിരിച്ചു വരവിനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞിരുന്നില്ല. ലോകകപ്പിനായുള്ള 15 അം​ഗ സംഘത്തെ നേരത്തെ പ്രഖ്യാപിച്ച വിൻഡീസ് ബോർഡ് റിസർവ് താരങ്ങളുടെ പട്ടികയിൽ പൊള്ളാർഡിനെ ഉൾപ്പെടുത്തിയിരുന്നു. നിലവിലെ ടീമിൽ ആർക്കെങ്കിലും പരുക്കേറ്റാൽ പൊള്ളാർഡിനായിരിക്കും മുൻ​ഗണന എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഇപ്പോഴിതാ റിസർവ് താരങ്ങളായി പത്ത് പേരെ ഉൾപ്പെടുത്തി വിൻഡീസ് പട്ടിക പുറത്തിറക്കി. പൊള്ളാർഡിന് പുറമെ വമ്പൻ സർപ്രൈസായി ടീമിലിടം പിടിച്ചത് ഡ്വെയ്ൻ ബ്രാവോയാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് ബ്രാവോ. ഇതേസമയം 2016ന് ശേഷം പൊള്ളാര്‍ഡ് ഏകദിനം കളിച്ചിട്ടില്ല. ലോകകപ്പില്‍ നിര്‍ണായക പ്രകടനം കാഴ്‌ചവെക്കാൻ സാധിക്കുന്ന പരിചയ സമ്പന്നരായ ഓള്‍റൗണ്ടര്‍മാരാണ് ഇരുവരും എന്നതാണ് താരങ്ങൾക്ക് മുൻതൂക്കം നൽകിയത്. അതേസമയം എന്നാല്‍ സ്റ്റാര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌ന് പട്ടികയിലിടമില്ല എന്നത് ശ്രദ്ധേയമാണ്.

ത്രിരാഷ്ട്ര പരമ്പരയില്‍ തിളങ്ങിയ സുനില്‍ ആംബ്രിസും ഓള്‍റൗണ്ടര്‍ റെയ്‌മന്‍ റീഫെറിനെയും പകരക്കാരുടെ നിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രിരാഷ്ട്ര പരമ്പരയില്‍ തിളങ്ങിയ ആംബ്രിസിന്‍റെ സ്‌കോറുകള്‍ 69*, 23, 148, 38 എന്നിങ്ങനെയായിരുന്നു. അണുബാധയില്‍ നിന്ന് അടുത്തിടെ മോചിതനായ എവിന്‍ ലൂയീസിന് പകരക്കാരനെ വേണ്ടിവന്നാല്‍ ആംബ്രിസിന് അവസരം തെളിയും. വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റിന്‍റെ ഭാഗമായാണ് റീഫെറെ ഉള്‍പ്പെടുത്തിയത്. ജോണ്‍ കാംമ്പെല്‍, ജൊനാഥന്‍ കാര്‍ട്ടര്‍, റോഷ്‌ടണ്‍ ചേസ്, ഷെയ്‌ന്‍ ഡൗറിച്ച്. കീമോ പോള്‍, ഖാരി പീയറേ എന്നിവരും റിസര്‍വ് താരങ്ങളുടെ പട്ടികയിലുണ്ട്. 

സതാംപ്ടനിൽ മെയ് 19 മുതല്‍ 23 വരെ നടക്കുന്ന പരിശീലനത്തില്‍ 15 അംഗ ടീമിലെ അംഗങ്ങളെല്ലാം പങ്കെടുക്കും. മെയ് 22ന് ഓസ്‌ട്രേലിയയുമായും 26ന് ദക്ഷിണാഫ്രിക്കയുമായും 28ന് ന്യൂസീലന്‍ഡിനെതിരെയും വിന്‍ഡീസിന് പരിശീലന മത്സരമുണ്ട്. ലോകകപ്പില്‍ വെസ്റ്റിൻഡീസിന്റെ ആദ്യ പോരാട്ടം മെയ് 31ന് പാക്കിസ്ഥാനെതിരെയാണ്.