ഫൈനല്‍ പട്ടികയില്‍ ഇടം നേടി ആമിറും വഹാബും ; ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2019 04:15 PM  |  

Last Updated: 20th May 2019 04:15 PM  |   A+A-   |  

 

കറാച്ചി : ഇടങ്കയ്യന്‍ പേസ് ബൗളര്‍മാരായ ആമിറിനെയും വഹാബിനെയും ഉള്‍പ്പെടുത്തി ലോകപ്പിനുള്ള  ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. പരിചയ സമ്പത്തിന് മുന്‍തൂക്കം നല്‍കിയാണ് ടീം സെലക്ഷനെന്ന് മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് വ്യക്തമാക്കി. കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന ലോകകപ്പ് സാധ്യതാ പട്ടികയില്‍ മോശം ഫോമിനെ തുടര്‍ന്ന് ആമിറും വഹാബും ഇടംനേടിയിരുന്നില്ല. ഓള്‍റൗണ്ടര്‍ ഫഹീം അഷ്‌റഫിനെയും ഇടങ്കയ്യന്‍ പേസറായ ജുനൈദ് ഖാനെയും വെട്ടിയാണ് പരിചയ സമ്പന്നരായ ആമിറിനും വഹാബിനും സെലക്ടര്‍മാര്‍ ഇടം നല്‍കിയത്. 

2017 ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ച മത്സരമാണ് വഹാബിന്റെ അവസാന അന്താരാഷ്ട്ര മത്സരം. ഒരു വിക്കറ്റ് പോലും നേടാന്‍ അന്ന് വഹാബിനായില്ല. പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താകുകയായിരുന്നു. ആമിറിന്റെയും കരിയര്‍ ഗ്രാഫ് അത്ര പ്രതീക്ഷ നല്‍കുന്നതല്ല. കഴിഞ്ഞ 14 ഏകദിന മത്സരങ്ങളില്‍ നിന്നായി വെറും അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ആമിറിന്റെ സമ്പാദ്യം. ഇരുവരും ഈ ആഴ്ച തന്നെ ടീമിനൊപ്പം ചേരുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. കൂറ്റനടികളിലൂടെ ടീമിനെ കരകയറ്റുന്നതിനായി ആസിഫ് അലിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ മകളുടെ പെട്ടെന്നുള്ള നിര്യാണം കാരണം നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനാല്‍ നിലവില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ച് ആസിഫ് മടങ്ങിയിരുന്നു. രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയതോടെയാണ് ആസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. 

മുന്‍നിര ബൗളര്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ് പാകിസ്ഥാനെ വലയ്ക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തോടെ ഇത് മെച്ചപ്പെടുമെന്നാണ് ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. ആസിഫ് അലിക്ക് വേണ്ടി മികച്ച ഫോമിലുള്ള യുവതാരമായ ആബിദിനെ ഒഴിവാക്കേണ്ടി വന്നത് സങ്കടകരമായ തീരുമാനം ആയിരുന്നുവെന്ന്  മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു. 

പാക് ടീം ഇങ്ങനെ :സര്‍ഫറാസ് അഹമ്മദ് (ക്യാപ്ടന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ആസിഫ് അലി, ഷോയബ് മാലിക്, മുഹമ്മദ് ഹാഫീസ്, ഇമാദ് വസീം, ശദാബ് ഖാന്‍, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, ഹാസന്‍ അലി, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് ഹസ്‌നെയിന്‍.